നോയിഡ: പോളിങ് സ്‌റ്റേഷനില്‍ നമോ ഭക്ഷണപ്പൊതികള്‍ എത്തിയതിനെ ചൊല്ലി വിവാദം. നോയിഡയിലെ സെക്ടര്‍ 15ലെ പോളിങ് സ്‌റ്റേഷനിലാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നമോ ഭക്ഷണപ്പൊതികള്‍ നല്‍കിയത്. സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.
പോളിങ് സ്‌റ്റേഷന്റെ 200 മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെയോ സ്ഥാനാര്‍ഥികളുടെയോ നേതാക്കളുടെയോ പേരോ ചിത്രങ്ങളോ പാടില്ലെന്നാണ് നിയമം. ഇത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷകക്ഷികള്‍ നമോ ഭക്ഷണപ്പൊതി കൊണ്ടുവന്നതിനെ എതിര്‍ത്തത്. ഭക്ഷണപ്പൊതികള്‍ക്ക് പുറത്ത് നമോ ഫുഡ്‌സ് എന്ന് ഹിന്ദിയില്‍ എഴുതിയിരുന്നു. ഇത് പ്രധാനമന്ത്രിയുടെ പേരിനെ പ്രതിനിധീകരിക്കുന്നതാണെന്നായിരുന്നു പ്രതിപക്ഷപാര്‍ട്ടികളുടെ ആരോപണം.
സംഭവം വാര്‍ത്തയായതോടെ നമോ ഫുഡ്‌സും ബി.ജെ.പി.യും തമ്മില്‍ ബന്ധമില്ലെന്ന് വാദിച്ച് നിരവധി ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടു. നമോ ഫുഡ്‌സ് എന്ന പേരില്‍ സ്ഥാപനങ്ങളുണ്ടെന്നും ഇതിന് പ്രധാനമന്ത്രിയുമായോ ബി.ജെ.പി.യുമായോ ബന്ധമില്ലെന്നുമായിരുന്നു ട്വീറ്റുകള്‍.