നന്തന്‍കോട് കൊലപാതകം ;കേഡല്‍ ജീന്‍സണ്‍ രാജ സ്വപ്നസഞ്ചാരിയെന്ന് ഡോക്ടര്‍

തിരുവനന്തപുരം : നന്തന്‍കോട് മാതാപിതാക്കളും സഹോദരിയും അടക്കം നാലുപേരെ കൊന്ന കേസിലെ പ്രതി കേഡല്‍ ജീന്‍സണ്‍ രാജ സ്വപ്നസഞ്ചാരിയെന്ന് ഡോക്ടര്‍.

ഇതിനാല്‍ പ്രതി സ്വബോധത്തോടെയാണോ കൃത്യം നടത്തിയതെന്നു പറയാന്‍ കഴിയില്ലെന്നും പേരൂര്‍ക്കട മാനസികാരോഗ്യ ആശുപത്രിയിലെ സൂപ്രണ്ട് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുന്‍പാകെ മൊഴി നല്‍കി.

മേയ് 15 മുതല്‍ താനും രണ്ടു ഡോക്ടര്‍മാരും കേഡലിനെ പരിശോധിച്ചു വരികയാണെന്നും ഇയാള്‍ ഒന്നരവര്‍ഷമായി ചികിത്സയിലാണെന്നും സ്വബോധത്തോടെയാണോ കൊലപാതകങ്ങള്‍ നടത്തിയതെന്നു പറയാന്‍ കഴിയില്ലെന്നുമാണ് സൂപ്രണ്ടിന്റെ മൊഴി.

അതേസമയം കേഡലിനെ വിദഗ്ധരായ മെഡിക്കല്‍ സംഘത്തിന്റെ അടുത്ത് കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന പോലീസിന്റെ ആവശ്യത്തില്‍ കോടതി ഇന്നു വാദം കേള്‍ക്കും.

കഴിഞ്ഞമാസം എട്ടിനായിരുന്നു അച്ഛന്‍, അമ്മ, സഹോദരി, ബന്ധു എന്നിവരെ കേഡല്‍ കൊലപ്പെടുത്തിയത്. മൃതദേഹങ്ങള്‍ കത്തിക്കാനും ഇയാള്‍ ശ്രമിച്ചിരുന്നു. കൊലപാതകങ്ങള്‍ നടത്തിയശേഷം ചെന്നൈയിലേക്കു രക്ഷപ്പെട്ട കേഡല്‍, അവിടെ നിന്നും തിരിച്ചു നാട്ടിലെത്തിയപ്പോള്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍വച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Top