തിരുവനന്തപുരം: തിരുവനന്തപുരം നന്ദന്‍കോട് കൂട്ടക്കൊലക്കേസ് പ്രതി കേഡല്‍ ജിന്‍സന്‍ ഗുരുതരാവസ്ഥയില്‍. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍വച്ച് അപസ്മാരത്തെ തുടര്‍ന്ന് ഭക്ഷണം ശ്വാസ നാളത്തില്‍ കുടുങ്ങിയ കേഡലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ഏപ്രില്‍ ഒന്‍പതിനാണ് കേഡല്‍ തന്റെ മാതാപിതാക്കളെയും, സഹോദരിയെയും ബന്ധുവിനെയും വീട്ടിൽ വെച്ച് കൊലപ്പെടുത്തിയത്.
അമ്മയെയും അച്ഛനെയും സഹോദരിയെയും അടക്കം നാല് പേരെയാണ് കേഡല്‍ കൊലപ്പെടുത്തിയത്.ഡോ. ജീന്‍ പത്മ (58), ഭര്‍ത്താവ് റിട്ട. പ്രഫ. രാജ തങ്കം (60), മകള്‍ കരോലിന്‍ (26), ഡോ. ജീന്റെ ബന്ധു ലളിത (70) എന്നിവരെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നു പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേതു കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. മകന്‍ കൊലപാതകം നടത്തിയശേഷം മൃതദേഹങ്ങള്‍ കത്തിച്ചതാകാമെന്നാണ് കരുതുന്നത്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍വച്ച് ട്രെയിനില്‍നിന്നാണ് ആര്‍പിഎഫ് കേഡലിനെ പിടികൂടിയത്.