നടൻ ഷാജു ശ്രീധറിന്റെയും നടി ചാന്ദിനിയുടെയും മകള്‍ നന്ദന ഷാജു നായികയാകുന്നു. ജോഷി ജോണ്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ‘സ്റ്റാന്‍ഡേര്‍ഡ്.10-ഇ, 1999 ബാച്ച്’ എന്ന ചിത്രത്തിലൂടെയാണ് നന്ദന അരങ്ങേറ്റം കുറിക്കുന്നത്. പ്ലസ് വണ്ണിനു പഠിക്കുന്ന കാവ്യ എന്ന വിദ്യാര്‍ത്ഥിനിയുടെ വേഷമാണ് നന്ദന ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പൂജ ഇന്നലെ കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തില്‍ വെച്ച് നടന്നു. നടന്‍ ദിലീപ് ആണ് സ്വിച്ച് ഓണ്‍ കര്‍മം നിര്‍വ്വഹിച്ചത്.
മിനി മാത്യു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മിനി മാത്യു, ഡേവിഡ് ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം നവംബര്‍ 26ന് കോട്ടയത്ത് ആരംഭിക്കും. നോയല്‍ ഗീവര്‍ഗ്ഗീസ്, സലീം കുമാര്‍, കിച്ചു ടെല്ലസ്, കോട്ടയം നസീര്‍, ചെമ്ബില്‍ അശോകന്‍, ബിറ്റോ ഡേവിസ്, ശ്രീജിത്ത് പെരുമന, സുജിത്, അനീഷ്, അസ്ഹര്‍, അനീഷ് ഗോപാല്‍, ചിനു കുരുവിള, ഗീതി സംഗീത തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.
നന്ദന പ്രേക്ഷകർക്ക് സുപരിചിതയാണ്. അച്ഛൻ ഷാജു ശ്രീധറിന്റെ നിരവധി ടിക് ടോക് വീഡിയോകളിൽ നന്ദനയും പങ്കുചേർന്നിട്ടുണ്ട്. അയ്യപ്പനും കോശിയും, ബ്രദേഴ്സ് ഡേ, കിംഗ് ഫിഷ് എന്നീ ചിത്രങ്ങളില്‍ നന്ദനയുടെ അനുജത്തി നീരാഞ്ജനയും അഭിനയിച്ചിട്ടുണ്ട്.