നാനി നായകനാകുന്ന ചിത്രം ‘ദസറ’ ലോകമെമ്പാടും നാളെ റിലീസിന് ഒരുങ്ങുകയാണ്. മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളായ കീര്‍ത്തി സുരേഷ് നായികയാകുന്നുവെന്ന പ്രത്യേകതയുള്ള ‘ദസറ’ കേരളത്തിൽ നൂറ്റിനാല്‍പതോളം സ്‌ക്രീനുകളിൽ എത്തുമെന്ന് റിപ്പോർട്ട്. ഷൈൻ ടോം ചാക്കോ ‘ചിന്ന നമ്പി’ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും മലയാളി സിനിമാ പ്രേമികൾക്കിടയിൽ ‘ദസറ’യുടെ ഹൈപ്പ് ഉയരാൻ കാരണമായേക്കാം. ശ്രീകാന്ത് ഒധേലയാണ് ചിത്രത്തിന്റെ സംവിധാനം.
സിങ്കരേണി കൽക്കരി ഖനികളുടെ പശ്ചാത്തലത്തിൽ നാനി അവതരിപ്പിക്കുന്ന ‘ധരണി’ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ‘ദസറ’യുടെ കഥ വികസിക്കുന്നത്. 65 കോടി ബജറ്റിലാണ് ചിത്രം. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ‘വെണ്ണേല’യെന്ന കഥാപാത്രമായിട്ടാണ് വേഷമിടുന്നത്. സമുദ്രക്കനി, സായ് കുമാർ, ഷംന കാസിം, സറീന വഹാബ് എന്നിവരും ‘ദസറ’യില്‍ വേഷമിടുന്നു. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം. സത്യൻ സൂര്യൻ ഐഎസ്‍സിയാണ് ഛായാഗ്രാഹണം. അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ ആര്‍ട്.
കേരളത്തിൽ E4 എന്റർടെയ്ൻമെന്റ്‌സ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ചിത്രം തിയറ്ററുകളിലെത്തിക്കും. ശ്രീകാന്ത് ഒധേലയാണ് ചിത്രത്തിന്റെ തിരക്കഥയും. ജെല്ല ശ്രീനാഥ്, അർജുന പതുരി, വംശികൃഷ്‍ണ പി എന്നിവർ സഹ തിരക്കഥാകൃത്തുക്കളുമാണ്. നവീൻ നൂലിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം.
കീര്‍ത്തി സുരേഷിന്റെ ഒരു മികച്ച കഥാപാത്രമായിരിക്കും ‘ദസറ’യിലേതെന്ന് നാനി പറഞ്ഞിരുന്നു. മനോഹരമായ പ്രകടനമാണ് കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ‘വെണ്ണേല’യായി കാഴ്‍ചവെച്ചിരിക്കുന്നതെന്ന് നാനി പറഞ്ഞിരുന്നു. കീര്‍ത്തിക്ക് പകരം ഒരാളെ കണ്ടെത്താൻ ആകില്ലെന്നും നാനി പറഞ്ഞു. തമിഴിലും തെലുങ്കിലും നിരവധി ഗംഭീര പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ‘ദസറ’ മറ്റൊരു പൊൻതൂവല്‍ ആകുമെന്നും നാനി പറഞ്ഞിരുന്നു.