മലപ്പുറം: നിലമ്പൂരിലെ സി.പി.എം സ്വതന്ത്രന്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ നിയമലംഘനങ്ങള്‍ക്കെതിരെ സമരപ്രഖ്യാപനവും നിയമപോരാട്ടവും വിഴുങ്ങി, മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് നിലമ്പൂര്‍ – നഞ്ചന്‍ഗോഡ് പാതക്കായി നിരാഹാരസമരം നടത്തി. നിലമ്പൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ എം.ഐ ഷാനവാസ് എം.പിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
ഡിസംബര്‍ 23ന് ചേര്‍ന്ന ഡി.സി.സി യോഗത്തിലാണ് അന്‍വറിനെതിരെ ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശിന് മൃദുസമീപനമാണെന്ന രൂക്ഷവിമര്‍ശനം ഉയര്‍ന്നത്. അന്‍വറിനെതിരെ സമരം നടത്തിയിട്ടുമതി ഡി.സി.സി പ്രസിഡന്റിന്റെ തീരദേശജാഥയെന്ന് ഐ വിഭാഗം കടുത്ത നിലപാടെടുക്കുകയും ചെയ്തു. ഇതോടെ ജനുവരി ആദ്യവാരത്തില്‍ അന്‍വറിന്റെ നിയമലംഘനങ്ങള്‍ക്കെതിരെ കളക്ടറേറ്റ് മാര്‍ച്ച് നടത്താനും അന്‍വറിനെതിരെ നിയമപോരാട്ടത്തിന് ഡി.സി.സി പ്രസിഡന്റ് ഹൈക്കോടതിയെ സമീപിക്കാനും നേതൃയോഗം തീരുമാനിച്ചു.
സമരപ്രഖ്യാപനം നടത്തി നാലു മാസം കഴിഞ്ഞിട്ടും അന്‍വറിനെതിരെ ഡി.സി.സി പ്രസിഡന്റ് ചെറുവിരലനക്കിയിട്ടില്ല. ഭൂപരിധി നിയമം ലംഘിച്ച് അന്‍വര്‍ സ്വന്തമാക്കിയ അധികഭൂമി തിരിച്ചുകിട്ടണമെന്ന് കളക്ടര്‍ക്ക് പരാതി മാത്രം നല്‍കി ഹൈക്കോടതിയെ സമീപിക്കാതെ പിന്‍വലിയുകയായിരുന്നു വി.വി പ്രകാശ്.
ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ഥനായിരുന്ന വി.വി പ്രകാശ് , വി.എം സുധീരന്‍ കെ.പി.സി.സി പ്രസിഡന്റായതോടെ സുധീരപക്ഷത്തേക്ക് കാലുമാറിയാണ് മലപ്പുറം ഡി.സി.സി പ്രസിഡന്റായത്. വി.എം സുധീരന്‍ അന്‍വറിന്റെ നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തുകയും അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു. പ്രവാസിക്ക് ക്വാറിയില്‍ ഓഹരി വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയതിന് , കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അന്‍വറിനെതിരെ പോലീസ് കേസെടുത്തിട്ടുപോലും വി .വി. പ്രകാശ് അനങ്ങിയിട്ടില്ല. രണ്ടാം ഭാര്യയുടെ പേരും ,സ്വത്തുവിവരവും മറച്ചുവെച്ച് സത്യവാങ്മൂലം നല്‍കിയതില്‍ കോടതിയെ സമീപിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടും ഡി സി സി പ്രസിഡന്റ് അനങ്ങിയില്ല. ഭൂപരിധിനിയമം ലംഘിച്ച് അധിക ഭൂമി കൈവശം വെച്ചതിന് ലാന്റ് ബോര്‍ഡ് കേസെടുക്കാനുള്ള നടപടി സ്വീകരിച്ചിട്ടും നേതൃത്വം സമരം നടത്തിയിരുന്നില്ല.
നിലമ്പൂരില്‍ കോണ്‍ഗ്രസ് ഡി.എഫ്.ഒ ഓഫീസ് മാര്‍ച്ചും, യു.ഡി.എഫ് സമരജ്വാലയും നടത്തിയതൊഴിച്ചാല്‍ അന്‍വറിന്റെ നിയമലംഘനത്തിനെതിരെ നേതൃത്വം ഒരുതരത്തിലുള്ള പ്രക്ഷോഭവും നടത്തിയില്ല. നിലമ്പൂര്‍ സീറ്റുലഭിക്കാതിരുന്ന വി.വി പ്രകാശ് നേതൃത്വവുമായി ഇടഞ്ഞ് പ്രചരണത്തില്‍ സജീവമായിരുന്നില്ല. പി.വി അന്‍വറിന് പ്രകാശ് കൈകൊടുത്തു നില്‍ക്കുന്ന പടം ഉപയോഗിച്ച് പ്രകാശിന്റെ പിന്തുണ അന്‍വറിനെന്ന് സോഷ്യല്‍ മീഡിയയില്‍ ഇടതുപക്ഷം പ്രചരണം നടത്തിയപ്പോഴും ഇതിനെതിരെ വി വി പ്രകാശ് രംഗത്തു വന്നിരുന്നില്ല.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിലമ്പൂര്‍- നഞ്ചന്‍ഗോഡ് പാതക്കായുള്ള സമരം രാഷ്ട്രീയക്കളിയാണെന്ന് ആരോപണം കോണ്‍ഗ്രസില്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്.