മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി സംവിധാനം ചെയ്‍ത ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. പ്രഖ്യാപന സമയം മുതല്‍ സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രത്തിന് അഭൂതപൂര്‍വ്വമായ പ്രതികരണങ്ങളാണ് ലഭിച്ചത്. ഇതോടെ ചിത്രം കണ്ടിട്ടില്ലാത്ത ബഹുഭൂരിപക്ഷം സിനിമാപ്രേമികളിലും ചിത്രം സൃഷ്ടിച്ച പ്രതീക്ഷകള്‍ വാനോളമാണ്. ഒടിടിയിലൂടെയല്ല, മറിച്ച് ചിത്രത്തിന് തിയറ്റര്‍ റിലീസ് തന്നെ ഉണ്ടാവുമെന്നാണ് നിര്‍മ്മാതാക്കള്‍ ഇതിനകം അറിയിച്ചുകഴിഞ്ഞു. ചിത്രത്തിന്റെ സെന്‍സറിംഗും പൂര്‍ത്തിയായിട്ടുണ്ട്. സിനിമാപ്രേമികള്‍ക്കുള്ള ക്രിസ്മസ് സമ്മാനമായി ഇന്നലെ പുറത്തെത്തിയ ചിത്രത്തിന്റെ ട്രെയ്‍ലറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. യുട്യൂബില്‍ നിലവില്‍ ട്രെന്‍ഡിംഗ് നമ്പര്‍ 1 ആണ് ട്രെയ്‍ലര്‍.
21 മണിക്കൂര്‍ സമയം കൊണ്ട് 8 ലക്ഷത്തിലേറെ കാഴ്ചകളാണ് ട്രെയ്‍ലറിന് ലഭിച്ചത്. സ്വീകാര്യതയ്ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി തന്നെ സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടിയാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണവും.
ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമയായി മമ്മൂട്ടി എത്തുന്ന ചിത്രത്തിന്റെ കഥ ലിജോയുടേത് തന്നെയാണ്. എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തേനി ഈശ്വറിന്റേതാണ് ഛായാഗ്രഹണം. മുന്‍ ചിത്രങ്ങളില്‍ നിന്ന് സമീപനത്തില്‍ വ്യത്യസ്തതയുമായാണ് ലിജോ ചിത്രം ഒരുക്കിയിരിക്കുന്നത്. അശോകന്‍, രാജേഷ് ശര്‍മ്മ, വിപിന്‍ ആറ്റ്ലി, അന്തരിച്ച പൂ രാമു തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ വേഷവുമാണ് നന്‍പകലിലെ ജയിംസ്. അതേസമയം ഉടന്‍ എത്തും എന്നല്ലാതെ റിലീസ് തീയതി സംബന്ധിച്ച അറിയിപ്പ് എത്തിയിട്ടില്ല. ഇതിന്‍റെ പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍.