തിരുവനന്തപുരം: നന്ദന്‍കോട് കൂട്ടക്കൊലകേസ് പ്രതി കേഡല്‍ ജീന്‍സണ്‍ രാജയെ തെളിവെടുപ്പിനായി അന്വേഷണസംഘം ചെന്നൈയിലേക്ക് കൊണ്ടുപോയി.
ഇന്ന് വൈകുന്നേരത്തോടെ ചെന്നൈയിലെത്തുന്ന സംഘം തെളിവെടുപ്പ് നടത്തിയ ശേഷം നാളെ തിരുവനന്തപുരത്തേക്ക് തിരിക്കും.
കേഡലിന്റെ കസ്റ്റഡി കാലാവധി ഈ മാസം 20ന് അവസാനിക്കും.
കേഡല്‍ ആസൂത്രിതമായി പകയോടെയാണ് മാതാപിതാക്കള്‍ ഉള്‍പ്പെടെ നാലു പേരെ ക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.
മാതാപിതാക്കളായ ഡോ.ജീന്‍പത്മ, പ്രൊഫ.രാജ് തങ്കം, സഹോദരി കരോളിന്‍ എന്നിവരെ മഴു ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തി മൃതദേഹങ്ങള്‍ കത്തിച്ചത് താന്‍ തന്നെയാണെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കേഡല്‍ സമ്മതിച്ചിരുന്നു്.
ജീന്‍ പത്മയുടെ സഹോദരി ലളിതയെ കൊലപ്പെടുത്തിയ കാര്യവും കേദല്‍ വെളിപ്പെടുത്തി. സംഭവത്തില്‍ പൊലീസ് നടത്തിയ തെളിവെടുപ്പില്‍ കൊലപാതകം നടത്തിയത് കേഡലാണ് എന്നതിന് സാഹചര്യ തെളിവുകളും ലഭിച്ചിരുന്നു.
കേഡല്‍, പെട്രോള്‍ വാങ്ങിയ പമ്പ്, സഞ്ചരിച്ച ഓട്ടോറിക്ഷാ, ഭക്ഷണം വാങ്ങിയ ഹോട്ടല്‍, വിഷം വാങ്ങിയ കട, ഇന്റര്‍നെറ്റ് കഫേ എന്നിവിടങ്ങളില്‍ നടത്തിയ തെളിവെടുപ്പിലും കേഡലിനെതിരായി പൊലീസിന് തെളിവുകള്‍ ലഭിച്ചു.
ചെന്നൈയിലെ രണ്ട് ദിവസത്തെ തെളിവ് ശേഖരിക്കലിനുശേഷം പൊലീസ് ശാസ്ത്രീയ പരിശോധനകളുടെ ഫലം പരിശോധിക്കും. മഴുവില്‍ നിന്ന് ലഭിച്ച വിരല്‍ അടയാളം കേഡലിന്റേതാണെന്ന് തെളിഞ്ഞുകഴിഞ്ഞു. ഡിഎന്‍എ, രക്തസാമ്പിളുകളുടെ പരിശോധന, ഫോറന്‍സിക് ശാസ്ത്രീയപരിശോധന തുടങ്ങിയവ ലഭിച്ചാല്‍ അന്വഷണസംഘം കേസില്‍ കുറ്റപത്രം തയ്യാറാക്കും. ചെന്നൈയിലെ തെളിവെടുപ്പിനു ശേഷം പൊലീസ് മറ്റ് നടപടികള്‍ സ്വീകരിക്കും.