നരസിംഹ റാവു, ചരണ്‍ സിങ്, എം.എസ് സ്വാമിനാഥന്‍; മൂന്നുപേര്‍ക്ക് കൂടി ഭാരത രത്‌ന

മൂന്നുപേര്‍ക്കു കൂടി ഭാരത രത്‌ന പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പി വി നരസിംഹ റാവുവു ഉള്‍പ്പെടെ ഡോ. എംഎസ് സ്വാമിനാഥന്‍, ചൗധരി ചരണ്‍ സിംഗ് എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. മൂന്നു പേരുടെയും സംഭാവനകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്തുപറഞ്ഞു.

പി.വി.നരസിംഹ റാവു, ചൗധരി ചരണ്‍ സിങ് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാരാണ്. ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനുമാണ് എം.എസ്. സ്വാമിനാഥന്‍. കര്‍ഷകരുടെ മിശിഹ എന്നുവിളിപ്പേരുള്ള ചൗധരി ചരണ്‍ സിങ്ങിന്റെ പാര്‍ട്ടി ആര്‍എല്‍ഡിയുമായി ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് സഖ്യം രൂപീകരിച്ചതിന് പിന്നാലെയാണ് ഭാരത രത്ന പ്രഖ്യാപിച്ചിരിക്കുന്നത്.

അദ്ദേഹത്തിന്റെ ചെറുമകന്‍ ജയന്‍ ചൗധരിയുമായി ബിജെപി ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ ഭാരത രത്ന പ്രഖ്യാപിക്കണമെന്ന ഉപാധി മുന്നോട്ടുവെച്ചിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് തീരുമാനം. പ്രധാനമന്ത്രി എക്സിലൂടെയാണ് ഭാരത രത്ന പുരസ്‌കാരം പ്രഖ്യാപിച്ച വിവരം അറിയിച്ചത്. കഴിഞ്ഞ ഫെബ്രുവരി 3 ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിക്കും, കര്‍പ്പൂരി താക്കൂറിനും ഭാരതരത്‌ന ബഹുമതി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് പേരെ കൂടി പ്രഖ്യാപിച്ചത്. ഇതോടെ ഈ വര്‍ഷം 5 പേര്‍ക്ക് ഭാരതരത്‌ന പുരസ്‌കാരം നല്‍കും.

Top