നാര്‍ക്കോട്ടിക് ജിഹാദ്; സിപിഎം സെക്രട്ടറിക്ക് സ്വന്തമായ അഭിപ്രായം പോലുമില്ലെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന ബി.ജെ.പിയുടെ ശൈലി കോണ്‍ഗ്രസ് ഏറ്റെടുത്തെന്ന സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സി.പി.എം സംസ്ഥാന സെക്രട്ടറി ഈ നാട്ടിലല്ലേ ജീവിക്കുന്നതെന്ന് സതീശന്‍ ചോദിച്ചു. ഇവിടെ നടക്കുന്നതൊന്നും കാണുന്നില്ലേ. വിവാദ വിഷയത്തില്‍ സ്വന്തമായ അഭിപ്രായം പോലും സി.പി.എം സെക്രട്ടറിക്കില്ല. സ്വന്തം അഭിപ്രായം വിജയരാഘവന്‍ പറഞ്ഞാല്‍ അതിന് മറുപടി പറയാമെന്നും സതീശന്‍ വ്യക്തമാക്കി.

വിവാദത്തെ കുറിച്ച് സി.പി.എമ്മിനും ഒരു നിലപാടില്ല. രണ്ട് സമുദായങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുക എന്നത് സംഘപരിവാറിന്റെ അജണ്ടയാണ്. ഈ സംഘര്‍ഷം കുറച്ചുകാലം കൂടി തുടരട്ടെ എന്നാണ് സി.പി.എം നയം. വര്‍ഗീയ കലാപം എന്താണെന്നതിന്റെ അര്‍ഥം വിജയരാഘവന്‍ അന്വേഷിക്കണമെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

വര്‍ഗീയ സംഘര്‍ഷം ഇല്ലാതാക്കാന്‍ ഒരു ശ്രമവും സര്‍ക്കാര്‍ നടത്താത്ത പശ്ചാത്തലത്തിലാണ് കെ.പി.സി.സിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയത്. പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയാറായാല്‍ അതിനെ പ്രതിപക്ഷം പിന്തുണക്കും. താമരശ്ശേരി രൂപതയുടെ കൈപ്പുസ്തകവുമായി ബന്ധപ്പെട്ട വിവാദം എം.കെ. മുനീറിന്റെ നേതൃത്വത്തില്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചു. ഈ പ്രശ്‌നപരിഹാരത്തിന് സര്‍ക്കാറിന്റെ ഒരു പ്രതിനിധിയെയും കണ്ടില്ല. പ്രശ്‌നം പരിഹരിച്ചില്ലായിരുന്നെങ്കില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമായിരുന്നു. യു.ഡി.എഫ് വര്‍ഗീയ കലാപമുണ്ടാക്കനല്ല പോയതെന്നും കൈ കൊടുത്താണ് പിരിഞ്ഞതെന്നും സതീശന്‍ പറഞ്ഞു.

ഏത് ആരോപണത്തെ കുറിച്ചും അന്വേഷണം നടത്തേണ്ടത് സര്‍ക്കാറാണ്. അന്വേഷണം നടത്തി സത്യാവസ്ഥ സര്‍ക്കാര്‍ ജനങ്ങളെ ബോധ്യപ്പെടുത്തട്ടെ. ഇക്കാര്യം പ്രതിപക്ഷം ആദ്യം പറഞ്ഞതാണ്. സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കാത്ത ഏക സര്‍ക്കാര്‍ കേരളത്തിലേതാണ്. വിദ്വേഷം പ്രചാരണത്തെ പ്രോത്സാഹിപ്പിക്കുകയാണ്. വെള്ളത്തിന് തീപിടിപ്പിക്കുന്ന വിദ്വേഷ പ്രചരണമാണ് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത്. സര്‍ക്കാര്‍ കൈയും കെട്ടി കണ്ണുംപൂട്ടി ഇരിക്കുകയാണെന്നും സതീശന്‍ ആരോപിച്ചു.

 

Top