തിരുവനന്തപുരം: ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും കേരളത്തില്‍ നടക്കുന്നതായുള്ള പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവര്‍ ഇത്തരം പ്രശ്‌നം കൈകാര്യം ചെയ്യുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള മതപരമായ വേര്‍തിരിവ് ഉണ്ടാകാതിരിക്കാനും അനാവശ്യമായ ചേരികള്‍ സൃഷ്ടിക്കാതിരിക്കാനും അങ്ങേയറ്റം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പാലാ ബിഷപ്പ് ബഹുമാന്യനായ മതപണ്ഡിതന്‍ കൂടിയാണ്. ഏതെങ്കിലും തരത്തിലുള്ള ചേരിതിരിവ് ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നുള്ളത് വളരെ പ്രധാനമാണ്. നാര്‍ക്കോട്ടിക്ക് ജിഹാദ് എന്ന് നമ്മള്‍ ആദ്യമായി കേള്‍ക്കുകയാണ്. നാര്‍ക്കോട്ടിക്കിന്റെ പ്രശ്‌നം, അത് ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ബാധിക്കുന്ന കാര്യമല്ല എന്നുള്ളതാണ്. അത് സമൂഹത്തെ ആകെ ബാധിക്കുന്നതാണ്.
സമൂഹത്തെ ആകെ ബാധിക്കുന്ന പ്രശ്‌നം എന്ന നിലയില്‍ നാം എല്ലാവരും അതില്‍ ഉത്കണ്ഠാകുലരാണ്. കഴിയാവുന്ന രീതിയില്‍ ഒക്കെ അതിനെ തടയാനുള്ള നടപടികള്‍ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. തടയാനാവശ്യമായ നിയമ നടപടികള്‍ ശക്തിപ്പെടുത്തുകയുമാണ്. അപ്പോള്‍ നാര്‍ക്കോട്ടിക്കിന് ഏതെങ്കിലും ഒരു മതത്തിന്റെ നിറം ഉണ്ടെന്ന് കാണരുത്. അതിന്റെ നിറം സാമൂഹ്യ വിരുദ്ധതയുടേതാണെന്ന് അദ്ദേഹം വ്യക്തമാക്കി.