വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തി.
പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മോദി അമേരിക്കയില്‍ വന്നിറങ്ങിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. തീവ്ര ദേശീയവാദികളായ ഇരുവരുടെയും ആദ്യ കൂടിക്കാഴ്ച വൈറ്റ് ഹൗസില്‍ വച്ചാണ് നടക്കുന്നത്.
ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആയ ശേഷം മോദിയുടെ ആദ്യ അമേരിക്കന്‍ യാത്രയാണിത്. മോദിയുടെ നാലാമത്തെ അമേരിക്കന്‍ സന്ദര്‍ശനം. അമേരിക്കയുമായുള്ള ബന്ധങ്ങള്‍ ആഴത്തില്‍ ഊട്ടിയുറപ്പിക്കുന്നതിനാണു യാത്ര എന്നാണു മോദി ട്വിറ്ററില്‍ കുറിച്ചത്.
ഇന്നുതന്നെ പ്രമുഖ വ്യവസായികളുമായി മോദി ചര്‍ച്ച നടത്തും. മേക്ക് ഇന്‍ ഇന്ത്യയെപ്പറ്റിയും പറയും. ഇന്ത്യയില്‍ നിക്ഷേപത്തിനു ക്ഷണിക്കും. ആപ്പിളിന്റെ ടിം കുക്ക്, വാള്‍മാര്‍ട്ടിന്റെ ഡഗ് മക്മില്ലന്‍, കാറ്റര്‍പില്ലറിന്റെ ജിം അംപിള്‍ ബി, ഗൂഗിളിന്റെ സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റിന്റെ സത്യ നഡെല്ല തുടങ്ങി 19 സിഇഒമാര്‍ പങ്കെടുക്കും.
വൈറ്റ് ഹൗസിനടുത്തുള്ള വില്ലാര്‍ഡ് ഇന്റര്‍കോണ്ടിനന്റലിലാണ് ഒന്നര മണിക്കൂറുള്ള കൂടിക്കാഴ്ച.