ഡൽഹി: ഹർ ഘർ തിരംഗ് കാമ്പയിനോടുള്ള ജനങ്ങളുടെ പ്രതികരണത്തിൽ തനിക്ക് സന്തോഷവും അഭിമാനവുമുണ്ടെന്ന് പ്രധാനമന്ത്രി. കാമ്പയിന് വേണ്ടിയുള്ള ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് ജനങ്ങൾ പതാക ഉയർത്തുന്നതിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘ഹർ ഘർ തിരംഗ് കാമ്പയിനോടുള്ള അത്ഭുതകരമായ പ്രതികരണത്തിൽ അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു. ജീവിതത്തിന്റെ വിവിധ തുറകളിലുള്ള ആളുകളുടെ പങ്കാളിത്തം ഇതിലുണ്ട്. ആസാദി കാ അമൃത് മഹോത്സവത്തെ അടയാളപ്പെടുത്താനുള്ള മികച്ച മാർഗമാണിതെന്നും മോദി ട്വീറ്റിൽ പറഞ്ഞു.
രാജ്യത്തുടനീളം ഹർ ഘർ തിരംഗിന്റെ ഭാഗമായി നടത്തിയ പരിപാടികളുടെ ചിത്രങ്ങളും പ്രധാനമന്ത്രി പങ്കുവെച്ചു. ദേശീയ പതാകയുമായി നിൽക്കുന്ന രണ്ട് കോടിയിലധികം സെൽഫികളാണ് വെബ്സൈറ്റിൽ ഇതുവരെ അപ്ലോഡ് ചെയ്തത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ലെഫ്റ്റനന്റ് ഗവർണർമാരുമാണ് ഹർ ഘർ തിരംഗ് ഏകോപിപ്പിക്കുന്നത്.ഹർ ഘർ തിരംഗയുടെ ഭാഗമായി സംസ്ഥാനത്തെ രാഷ്ടീയ സാമൂഹിക പ്രവർത്തകരും മന്ത്രിമാരും ആവരവരുടെ വീടുകളിൽ ദേശീയ പതാക ഉയർത്തി.