രണ്ടാം വരവിലെ ആദ്യ വിദേശ യാത്ര; മോദി മാലിദ്വീപിലെത്തി, പാര്‍ലമെന്റില്‍ സംസാരിക്കും

കൊച്ചി: രണ്ടാം തവണയും കേന്ദ്രഭരണം സ്വന്തമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യത്തെ വിദേശ സന്ദര്‍ശനത്തിന് തുടക്കമായി. കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് മാലിദ്വീപിലേക്ക് എത്തിയതോടെയാണ് വിദേശ യാത്രക്ക് തുടക്കമായിരിക്കുന്നത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായാണ് മോദിയുടെ സന്ദര്‍ശനം. അയല്‍ രാഷ്ട്രങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതാണ് രണ്ടാം മോദി സര്‍ക്കാറിന്റെ വിദേശ നയം.

മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹീം മുഹമ്മദ് സ്വാലിഹുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം അദ്ദേഹം മാലിദ്വീപിലെ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കും. തീരസുരക്ഷയ്ക്ക് ഏറെ ഗുണകരമാകുന്ന നിരീക്ഷണ സംവിധാനവും മാലിദ്വീപിലെ ദേശീയ സുരക്ഷാ സേനയ്ക്കുള്ള പരിശീലന കേന്ദ്രവുമാണ് ഉദ്ഘാടനം ചെയ്യുന്നത്.

കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ നടുക്കിയ തീവ്രവാദ ആക്രമണത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് മോദി ശ്രീലങ്കയിലുമെത്തും. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ശ്രീലങ്കയ്ക്കൊപ്പം എപ്പോഴും ഇന്ത്യയുണ്ടാകുമെന്നും മോദി അറിയിച്ചിട്ടുണ്ട്.

അതേസമയം, ഗുരുവായൂര്‍ ക്ഷേത്രം ദര്‍ശനത്തിനായി ഇന്നലെ കൊച്ചിയിലെത്തിയ മോദി തന്റെ ദര്‍ശനം പൂര്‍ത്തിയാക്കി. കൊച്ചിയില്‍ നിന്ന് പ്രത്യേക ഹെലികോപ്റ്ററിലാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടില്‍ എത്തിയത്. ഗവര്‍ണറും ബി.ജെ.പി. നേതാക്കളും അടക്കമുള്ളവര്‍ അദ്ദേഹത്തെ സ്വീകരിച്ചു. ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ അല്‍പ സമയം വിശ്രമിച്ച ശേഷം പത്ത് മണിയോടെ ക്ഷേത്രത്തിലെത്തി. രാവിലെ മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പ്രധാനമന്ത്രിക്ക് താമരപ്പൂക്കള്‍ കൊണ്ട് തുലാഭാരം നടത്താന്‍ 111 കിലോ താമരപ്പൂക്കളാണ് എത്തിച്ചിരുന്നത്.

Top