ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ ഭരണം പിടിക്കുന്ന വിദ്യാര്‍ത്ഥി സംഘടനയുടെ രാഷ്ട്രീയ പ്രസ്ഥാനം വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ രാജ്യഭരണം പിടിക്കുന്ന കീഴ്‌വഴക്കം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയുമായി ബി.ജെ.പി.
നാല് ജനറല്‍ സീറ്റുകളില്‍ പ്രസിഡന്റ് സ്ഥാനം ഉള്‍പ്പെടെ മൂന്നു സീറ്റുകളും വിജയിച്ചാണ് എ.ബി.വി.പി ഡല്‍ഹി സര്‍വ്വകലാശാല ഭരണം പിടിച്ചത്. സെക്രട്ടറി സ്ഥാനം കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ എന്‍.എസ്.യു സ്വന്തമാക്കി. ആം ആദ്മി പാര്‍ട്ടിയുടെയും മറ്റ് ഇടതുവിദ്യാര്‍ത്ഥി സംഘടനകളും സഖ്യമായി മത്സരിച്ചിട്ടും അക്കൗണ്ട് തുറക്കാനായില്ല. 1997 മുതല്‍ ഡല്‍ഹി സര്‍വ്വകലാശാല ഭരണം പിടിക്കുന്നവരുടെ മാതൃസംഘടനയാണ് പിന്നീട് വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ വിജയിച്ച് രാജ്യം ഭരിക്കുക.
1997ല്‍ ഡല്‍ഹി സര്‍വ്വകലാശാലയിലെ നാലു സീറ്റുകളിലും എ.ബി.വി.പി വിജയിച്ചു. 1998ല്‍ ബി.ജെ.പിയുടെ എ.ബി വാജ്‌പേയി പ്രധാനമന്ത്രിയായി. 1998ല്‍ എ.ബി.വി.പി പ്രസിഡന്റ് ജനറല്‍ സെക്രട്ടറി സീറ്റുകള്‍ വിജയിച്ചു. 1999തില്‍ വാജ്‌പേയിയുടെ നേതൃത്വത്തില്‍ രണ്ടാമതും ബി.ജെ.പി ഭരണം പിടിച്ചു. 2003ല്‍ എന്‍.എസ്.യു നാലു സീറ്റുകളും തൂത്തുവാരി.
2004ല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായി. 2008ല്‍ നാലില്‍ മൂന്നു സീറ്റുകളും എന്‍.എസ്.യു നേടി. 2009തില്‍ മന്‍മോഹന്‍സിങിന്റെ നേതൃത്വത്തില്‍ രണ്ടാം യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തി. 2013ല്‍ നാലില്‍ മൂന്നു സീറ്റുകളും വിജയിച്ച് എ.ബി.വി.പി ശക്തമായ തിരിച്ചുവരവ് നടത്തി. 2014ലെ ലോക്‌സഭയില്‍ 325 സീറ്റുമായി നരേന്ദ്രമോദി പ്രധാനമന്ത്രിയായി. ഇത്തവണത്തെ എ.ബി.വി.പി ജയത്തെ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ അഭിനന്ദിച്ചു. ബി.ജെ.പിയുടെ വരാനിരിക്കുന്ന ലോക്‌സഭാതെരഞ്ഞെടുപ്പ് വിജയത്തിന് നാന്ദികുറിക്കുന്ന വിജയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ രാഷ്ട്രീയത്തില്‍ ഒട്ടനവധി നേതാക്കള്‍ ഉദിച്ചുയര്‍ന്നത് ഡല്‍ഹി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ്. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അജയ് മാക്കന്‍, ബി.ജെ.പി കേന്ദ്ര മന്ത്രി വിജയ് ഗോയല്‍, മുന്‍ ബി.ജെ.പി ഡല്‍ഹി സംസ്ഥാന പ്രസിഡന്റ് സതീഷ് ഉപാധ്യായ് എന്നിവരെല്ലാം ഡല്‍ഹി സര്‍വ്വകലാശാലയില്‍ രാഷ്ട്രീയം പയറ്റി തെളിഞ്ഞവരാണ്.
പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടര്‍