ന്യൂഡല്‍ഹി: സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നരേന്ദ്ര മോദിയും അമിത്ഷായും വീണ്ടും കൂടിക്കാഴ്ച നടത്തി. മോദിയുടെ വീട്ടില്‍ വെച്ചാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.
വ്യാഴാഴ്ച വൈകിട്ടാണ് രണ്ടാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കുന്നത്. ഇന്ത്യയുടെ ഇരുപത്തിരണ്ടാമത് മന്ത്രിസഭയാണ് അധികാരമേല്‍ക്കുന്നത്. പ്രധാനമന്ത്രിക്കും മറ്റുമന്ത്രിമാര്‍ക്കും രാഷ്ട്രപതി രാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ എണ്ണായിരത്തോളം അതിഥികള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രപതി ഭവനിലെ ഏറ്റവും വലിയ ചടങ്ങായി ഇന്നത്തെ സത്യപ്രതിജ്ഞ മാറും.
മന്ത്രിമാരുടെ പേരുകള്‍ വ്യാഴാഴ്ച രാവിലെ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ഇന്ത്യ എന്ന മുദ്രാവാക്യം മുന്നോട്ടുവെക്കുന്ന രണ്ടാം മോദിസര്‍ക്കാരില്‍ പുതുമുഖ മന്ത്രിമാരുടെ വ്യക്തമായ സാന്നിധ്യമുണ്ട്. വ്യാഴാഴ്ച രാഷ്ട്രപതിഭവന്‍ അങ്കണത്തിലെ തുറന്ന വേദിയില്‍ വൈകിട്ട് ഏഴിനാണ് ചടങ്ങ് ആരംഭിക്കുക. ബിംസ്റ്റെക് (ബേ ഓഫ് ബംഗാള്‍ ഇനീഷിയേറ്റീവ് ഫോര്‍ മള്‍ട്ടി സെക്ടറല്‍ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക് കോ ഓപറേഷന്‍ -) അംഗരാജ്യങ്ങളിലെ രാഷ്ട്രതലവന്‍മാര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുക്കും. അയല്‍രാജ്യങ്ങള്‍ക്ക് പ്രധാന്യം നല്‍കുക എന്ന നയത്തിന്റെ ഭാഗമായിട്ടാണ് ഇവരെ ക്ഷണിച്ചിരിക്കുന്നത്.
വിദേശ രാഷ്ട്ര തലവന്‍മാരെ കൂടാതെ വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, പ്രതിപക്ഷ അംഗങ്ങള്‍, നയതന്ത്രജ്ഞര്‍, സ്ഥാനപതിമാര്‍, സിനിമാ മേഖലയില്‍ നിന്നടക്കമുള്ള താരങ്ങള്‍,പ്രവാസി ഇന്ത്യക്കാര്‍ തുടങ്ങിയ അതിഥികളുടെ വമ്പന്‍ നിരതന്നെ മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ഡല്‍ഹിയിലെത്തും.
യു.പി.എ. അധ്യക്ഷ സോണിയാഗാന്ധിയും തിരഞ്ഞെടുപ്പു പരാജയത്തെത്തുടര്‍ന്ന് പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ചടങ്ങില്‍ പങ്കെടുക്കും. എന്നാല്‍, നേരത്തെ ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വിട്ടുനില്‍ക്കും. സംസ്ഥാനത്ത് തൃണമൂല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സത്യപ്രതിജ്ഞയില്‍ പങ്കെടുപ്പിക്കാനുള്ള ബി.ജെ.പി. നീക്കത്തില്‍ പ്രതിഷേധിച്ചാണിത്.
ചടങ്ങിനെത്തുന്ന അതിഥികള്‍ക്ക് ചായയും ലഘുഭക്ഷണവും നല്‍കും. സമൂസയും ചീസ് വിഭവങ്ങളും അടങ്ങിയതാകും ലഘു ഭക്ഷണം. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ബിംസ്റ്റെക് രാഷ്ട്രതലവന്‍മാര്‍ക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അത്താഴ വിരുന്നൊരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചില ഉദ്യോഗസ്ഥരും രാഷ്ട്രപതിയുടെ വിരുന്നില്‍ പങ്കെടുക്കും.
രാഷ്ട്രപതി ഭവനിലെ തുറന്ന മൈതാനത്താകും ചടങ്ങ് നടക്കുക. 2014-ലും ഇവിടെത്തന്നെയായിരുന്നു ചടങ്ങ്. അന്ന് 5000 -ത്തോളം അതിഥികളാണ് പരിപാടിയില്‍ പങ്കെടുത്തിരുന്നത്.