ന്യൂഡല്‍ഹി: കേരള പര്യടനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ദാരുണമായി കൊല ചെയ്യപ്പെട്ട ജിഷയുടെ അമ്മയെ സന്ദര്‍ശിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച സാഹചര്യത്തില്‍ എസ്പിജി സംഘം ഉടന്‍ പെരുമ്പാവൂരെത്തും.
രാജ്യത്തിന്റെ മന:സാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിനെതിരെ പ്രതിഷേധം ശക്തമായി സാഹചര്യത്തില്‍ പ്രധാനമന്ത്രി കൂടി സംഭവസ്ഥലം സന്ദര്‍ശിക്കുന്നത് സംസ്ഥാന സര്‍ക്കാരിനും തലവേദനയാകും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്‍പ് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് സംസ്ഥാനത്തെ ക്രമസമാധാന നില അവതാളത്തിലായെന്ന പ്രചരണത്തിന് ബലമേകുമെന്നതിനാല്‍ പ്രതിയെ പിടികൂടാന്‍ പരക്കം പായുകയാണ് പൊലീസ്.
മോദിക്കു പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പെരുമ്പാവൂരെത്തുമെന്നാണ് സൂചന. ആംആദ്മി പാര്‍ട്ടി കേന്ദ്ര നേതൃത്വം കെജ്‌രിവാള്‍ കേരളത്തില്‍ എത്തുമെന്ന വിവരം തന്നെയാണ് നല്‍കുന്നത്.
പെരുമ്പാവൂര്‍ ഡിവൈഎസ്പിയെ ഒഴിവാക്കിയും റൂറല്‍ എസ്പിയെ ഉള്‍പ്പെടുത്തിയും ഐജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വിപുലീകരിച്ചിട്ടുണ്ടെങ്കിലുംകാര്യമായ തുമ്പൊന്നും ലഭിച്ചിട്ടില്ല. യഥാര്‍ത്ഥ പ്രതിയെ അല്ലാതെ മറ്റാരെയും പിടികൂടി കുറ്റം അടിച്ചേല്‍പ്പിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം പൊലീസ് ആസ്ഥാനത്ത് നിന്നും അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ട്.
നാളെയാണ് തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മോദി പാലക്കാട് എത്തുന്നത്. പാലക്കാട്ടാണ് ആദ്യ പരിപാടി. തൃപ്പൂണിത്തുറയിലെ പര്യടനത്തിന്റെ ഭാഗമായി എറണാകുളത്തെത്തുമ്പോള്‍ ജിഷയുടെ അമ്മയെ സന്ദര്‍ശിക്കാനാണ് ആലോചന.
കേന്ദ്രസര്‍ക്കാര്‍ ജിഷയുടെ കുടുംബത്തിന് ഉടനെ തന്നെ സഹായം പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കേന്ദ്ര സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയും ഇന്ന് കേരളത്തിലെത്തും.
നിയമസഭാ തിരഞ്ഞെടുപ്പ് വിളിപ്പാടകലെ നില്‍ക്കെ പ്രചരണ ‘അജണ്ട’ തന്നെ പ്രതിപക്ഷം മാറ്റിയ കാഴ്ചയാണ് ഇപ്പോള്‍.
സ്ത്രീ പീഡനങ്ങളും ജിഷയുടെ കൊലപാതകവുമാണ് ഇപ്പോള്‍ മുഖ്യ പ്രചരണ വിഷയം. പട്ടാപ്പകല്‍ വീട്ടില്‍ കൊല ചെയ്യപ്പെട്ട നിയമവിദ്യാര്‍ത്ഥിനിയുടെ ഘാതകരെ പിടികൂടാന്‍ കഴിയാത്ത ആഭ്യന്തരവകുപ്പിനെയാണ് എല്ലാവരും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.