‘ശക്തമായ പോരാട്ടത്തിന് സജ്ജരാകുക’; ബിജെപി പ്രവര്‍ത്തകരോട് പ്രധാനമന്ത്രി

ഡൽഹി: ശക്തമായ പോരാട്ടത്തിന് സജ്ജരാകാൻ ബിജെപി നേതാക്കളോടും പ്രവർത്തകരോടും പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ നിർദേശം. പാർട്ടി കൂടുതൽ മുന്നേറുകയും വിജയം നേടുകയും ചെയ്യുമ്പോൾ, പ്രതിപക്ഷത്തിന്റെ എതിർപ്പും കൂടുതൽ ശക്തമാകുമെന്ന് മോദി ഓർമ്മിപ്പിച്ചു.

പാർലമെന്റ് കെട്ടിടത്തിൽ രാവിലെയാണ് ബിജെപി പാർലമെന്ററി പാർട്ടി യോഗം ചേർന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിൽ ബിജെപിയുടെ മികച്ച വിജയത്തിൽ നേതാക്കൾ പ്രധാനമന്ത്രിയെ അനുമോദിച്ചു. ബിജെപി സ്ഥാപക ദിനമായ ഏപ്രിൽ ആറിനും ഡോ. അംബേദ്കർ ജന്മവാർഷികദിനമായ ഏപ്രിൽ 14 നും ഇടയിൽ കൂടുതൽ സാമൂഹിക വിഷയങ്ങളിൽ ശ്രദ്ധപുലർത്താൻ എംപിമാരോട് പ്രധാനമന്ത്രി നിർദേശിച്ചു.

കേന്ദ്രസർക്കാരിനെതിരെ പ്രക്ഷോഭം നടത്തുന്ന പ്രതിപക്ഷ പാർട്ടികളെ പ്രധാനമന്ത്രി യോ​ഗത്തിൽ രൂക്ഷമായി വിമർശിച്ചു. അദാനി-ഹിൻഡെൻബർഗ് വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം വേണമെന്ന ആവശ്യവുമായി കോൺഗ്രസ് പ്രതിഷേധം ശക്തമാക്കിയ വേളയിലാണ് ബിജെപി പാർലമെന്ററി പാർട്ടി യോഗം ചേരുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് പാർലമെന്റ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം സ്തംഭിച്ചിരുന്നു.

 

Top