ബങ്കൂര: ബംഗാളിലെ ബങ്കൂര ക്രിസ്ത്യന്‍ കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ റീത്ത മുദി പ്രശസ്തയായത് ഒറ്റക്കാര്യത്തിലൂടെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓട്ടോഗ്രാഫ് മാത്രമാണ് അവളെ അവളുടെ ഗ്രാമത്തിലെ സെലിബ്രിറ്റി സ്ഥാനത്ത് എത്തിച്ചത്. മോദിയുടെ ഓട്ടോഗ്രാഫ് ലഭിച്ചു എന്ന ഒറ്റക്കാരണത്താല്‍ റീത്തയ്ക്ക് നിരവധി കല്യാണാലോചനകളും എത്തി തുടങ്ങിയിട്ടുണ്ട്.
ജൂലായ് 16ന് മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ മിഡ്‌നാപൂരിലെത്തിയ റീത്തയെ ടെന്റ് തകര്‍ന്നു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി സന്ദര്‍ശിച്ച മോദിയോട് റീത്ത ആവശ്യപ്പെട്ടത് അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫായിരുന്നു. ആദ്യം മടിച്ചെങ്കിലും റീത്തയുടെ അപേക്ഷയ്ക്കു വഴങ്ങിയ പ്രധാന മന്ത്രി കുറിച്ചത് ഇങ്ങനെയാണ്, ‘ആരോഗ്യവതിയായിരിക്കുക റീത്ത മുദി’.
പിന്നീട് ഈ ഓട്ടോഗ്രാഫ് കാണാനായെത്തുന്ന ആളുകളുടെ എണ്ണം കൂടി വരികയാണ് ചെയ്തത്. സന്ദര്‍ശകര്‍ മാത്രമല്ല, കഴിഞ്ഞ പത്ത് ദിവസത്തിനിടെ രണ്ട് കല്യാണാലോചനകളും വന്നെന്ന് റീത്തയുടെ അമ്മ പറഞ്ഞു. എന്നാല്‍ തന്റെ രണ്ട് പെണ്‍മക്കള്‍ക്കും ഇപ്പോള്‍ പഠനത്തിലാണ് താല്‍പര്യമെന്നും വിവാഹത്തെക്കുറിച്ച് പിന്നീട് ആലോചിക്കുമെന്നും അവര്‍ വ്യക്തമാക്കി.