ഗാന്ധി ആശ്രമത്തില്‍ മോദിയ്‌ക്കൊപ്പം നെതന്യാഹുവും, ഭാര്യ സാറയും

modi-and-nethanyahu

അഹമ്മദാബാദ്: അഹമ്മദാബാദിലെ ഗാന്ധി ആശ്രമത്തില്‍ എത്തിയ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും, ഭാര്യ സാറയും ചര്‍ക്കയില്‍ നൂല്‍ നൂറ്റും, പട്ടം പറത്തിയും കണ്ടു നിന്നവരെ അത്ഭുതപ്പെടുത്തി. തൊട്ടടുത്തായി ചര്‍ക്കയുടെ പ്രവര്‍ത്തനരീതികള്‍ ഇരുവര്‍ക്കും വിശദീകരിച്ചു നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു.

ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ഉച്ചയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഗാന്ധി ആശ്രമം സന്ദര്‍ശിക്കാന്‍ എത്തിയത്. ഗുജറാത്തില്‍ ഒരു ദിവസം ചിലവഴിക്കുന്ന നെതന്യാഹു, മോദിയുമായി ചേര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് റോഡ് ഷോ ആയാണ് സബര്‍മതി ആശ്രമത്തിലെത്തിയത്.

ആശ്രമത്തിലെത്തിയ നെതന്യാഹുവിന് ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതെങ്ങനെയെന്ന് മോദി തന്നെയായിരുന്നു കാണിച്ചുകൊടുത്തത്. നെതന്യാഹുവും ഭാര്യയും ചര്‍ക്കയ്ക്കു സമീപം ഇരുന്ന് ചര്‍ക്കയുടെ ചക്രം കറക്കി. പിന്നീട് ഇരുവരെയും പുല്‍ത്തകിടിയില്‍ നടക്കാന്‍ ക്ഷണിച്ച മോദി, ഇരുവര്‍ക്കുമൊപ്പം പട്ടം പറപ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് ആശ്രമത്തിലെ സന്ദര്‍ശക പുസ്തകത്തില്‍ നെതന്യാഹു കുറിപ്പുമെഴുതി. ഗുജറാത്തില്‍ നിന്ന് നെതന്യാഹു വൈകുന്നേരത്തോടെയായിരിക്കും മുംബൈയിലേയ്ക്ക് തിരിക്കുന്നത്.

Top