ന്യൂഡല്‍ഹി: രണ്ടാമതായി മോദിസര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ സത്യപ്രതിജ്ഞാ ചടങ്ങിനൊരുങ്ങിയിരിക്കുകയാണ് രാജ്യതലസ്ഥാനം. നരേന്ദ്രമോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടിക പൂര്‍ത്തിയായിട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും മന്ത്രിസഭയില്‍ ഉണ്ടാകും. നേരത്തെ അമിത് ഷാ മന്ത്രിസഭയില്‍ അംഗമാകില്ലെന്ന വാര്‍ത്ത വന്നിരുന്നു.
വൈകിട്ട് ഏഴു മണിക്ക് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്നത്. നിയുക്ത മന്ത്രിമാരെ നാലരയ്ക്ക് പ്രധാനമന്ത്രി കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്. സഖ്യകക്ഷികള്‍ക്ക് ഒരു മന്ത്രിസ്ഥാനം വീതം നല്‍കാമെന്ന നിലപാടാണ് ബിജെപി സ്വീകരിച്ചിരിക്കുന്നത്. അമിത് ഷാ മോദിയുമായി ഇന്ന് രാവിലെയും അവസാനവട്ട ചര്‍ച്ചകള്‍ നടത്തിയിരുന്നു. മോദിയുടെ വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്.
പുതിയ മന്ത്രിസഭയില്‍ ഇടം പിടിച്ചിരിക്കുന്ന മന്ത്രിമാര്‍ ഇവരൊക്കെയാണ്, രാജ്‌നാഥ് സിങ്, നിര്‍മല സീതാരാമന്‍, നിതിന്‍ ഗഡ്കരി, സ്മൃതി ഇറാനി, രവി ശങ്കര്‍ പ്രസാദ്, പ്രകാശ് ജാവദേക്കര്‍, പിയൂഷ് ഗോയല്‍, രാമദാസ് അതാവ്‌ലേ, പ്രഹ്ലാദ് ജോഷി, മുക്താര്‍ അബ്ബാസ് നക്വി, ബാബുല്‍ സുപ്രിയോ, നിത്യാനന്ദ റായ്, സഞ്ചീവ് ബലിയാന്‍, അനുപ്രിയ പട്ടേല്‍, തവര്‍ ചന്ദ് ഗെഹ്ലോത്, ഹര്‍സിംറത്ത് കൗര്‍, സദാനന്ദ ഗൗഡ, കിരണ്‍ റിജിജു, മന്‍സൂഖ് മന്താവ്യ, റാവു ഇന്ദ്രജിത് സിങ്.
കേരളത്തില്‍ നിന്നും വി. മുരളീധരനും മന്ത്രിസഭയില്‍ ഉണ്ടാകും. കൂടാതെ, പുതുമുഖങ്ങളായി ദേബശ്രീ ചൗധരി, നിത്യാനന്ദ റായ്, ആര്‍.സി.പി റായ്, സുരേഷ് അങ്ഗടി, കിഷന്‍ റെഡ്ഡി, പ്രഹ്ലാദ് ജോഷി, പുരുഷോത്തം റുപ എന്നിവരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.