മോദിക്ക് ഇന്ത്യയിൽ അടി തെറ്റിയതിൽ അമ്പരന്ന് ലോകത്തെ വൻ രാഷ്ട്രങ്ങൾ !

ലോക്സഭ സെമിഫൈനല്‍ മത്സരമായി വിലയിരുത്തപ്പെടുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ താമര ഇതള്‍ പൊഴിഞ്ഞതില്‍ ഞെട്ടി ലോക രാഷ്ട്രങ്ങള്‍.

ജനപ്രീതിയുള്ള ലോക നേതാവായി സോഷ്യല്‍ മീഡിയകളില്‍ വാഴ്ത്തപ്പെട്ട മോദിക്ക് ഇനി പൊതു തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ വിജയിപ്പിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലും വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

തര്‍ക്ക സ്ഥലത്ത് രാമക്ഷേത്രം പണിയുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് ഭൂരിപക്ഷ മതവികാരം അനുകൂലമാക്കാന്‍ മോദി ഇനി തയ്യാറാകുമെന്നാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. വൈകാരികമായി ഹൈന്ദവ വികാരം ഉയര്‍ത്താതെ ബി.ജെ.പിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു.

ബി.ജെ.പിക്ക് പകരം മറ്റൊരു സംവിധാനം ഇന്ത്യയില്‍ അധികാരത്തില്‍ വന്നാല്‍ വിദേശ നയത്തില്‍ കാര്യമായ മാറ്റം ലോക രാഷ്ട്രങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. കടുത്ത ശത്രുക്കളായ അമേരിക്കയുമായും റഷ്യയുമായും ഒരേ സമയം സൗഹൃദം സ്ഥാപിക്കാന്‍ മോദിയുടെ നയതന്ത്ര ഇടപെടലിനു കഴിഞ്ഞിരുന്നു. ചൈനയുമായി ദോക് ലാമില്‍ ഉടക്കാനും അതിര്‍ത്തി മറികടന്ന് പാക്ക് ഭീകര കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതും മോദിയുടെ കടുത്ത നിലപാടിന്റെ പ്രതിഫലനം കൂടിയായാണ് വിലയിരുത്തപ്പെട്ടിരുന്നത്.

ഒരു ഹീറോ പരിവേഷമുണ്ടായിരുന്ന നരേന്ദ്ര മോദിക്ക് സ്വന്തം രാജ്യത്ത് ഒറ്റയടിക്ക് സീറോ പരിവേഷം ലഭിച്ചത് പ്രമുഖ അന്താരാഷ്ട്ര പൊളിറ്റിക്കല്‍ അനലിസ്റ്റിക്കുകളെ പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം വീണ്ടും അതിന്റെ ഉറച്ച ജനാധിപത്യ മൂല്യം ഉയര്‍ത്തി പിടിച്ചതായാണ് തിരഞ്ഞെടുപ്പ് വിധിയെ അവര്‍ നോക്കി കാണുന്നത്.

ഈ തിരിച്ചടിയില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് പെട്ടെന്ന് തന്നെ മാന്ത്രിക നടപടികള്‍ വല്ലതും നരേന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും ഭാഗത്തു നിന്നും ഉണ്ടായില്ലെങ്കില്‍ ദയനീയ പരാജയമായിരിക്കും കാവിപ്പടക്ക് ഉണ്ടാകുക എന്ന് ലോക മാധ്യമങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തി കഴിഞ്ഞു.

ബി.ജെ.പിയില്‍ എതിരാളികള്‍ ഇല്ലാത്ത രാജാവായും തേരാളിയായും മാറിയ മോദിക്കും അമിത് ഷാക്കും മുന്നില്‍ വലിയ വെല്ലുവിളി ഇനി പാര്‍ട്ടിക്ക് അകത്ത് നിന്നും ഉയരാനും സാധ്യത ഏറെയാണ്.

പ്രധാനമന്ത്രി പദത്തിന് നോട്ടമിട്ടിരുന്ന വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇനി തിരഞ്ഞെടുപ്പ് മത്സരത്തിനില്ല എന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിമത സ്വരം ശക്തമായാല്‍ രംഗത്ത് വരാനുള്ള സാധ്യതയും കൂടുതലാണ്.

ആര്‍.എസ്.എസ് ആകട്ടെ കടുത്ത നിരാശയിലുമാണ്. രാമക്ഷേത്ര കാര്യത്തില്‍ നിന്നും വ്യതിചലിച്ചതാണ് തിരിച്ചടിക്ക് കാരണമെന്നതാണ് ആര്‍.എസ്.എസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

തുടര്‍ച്ചയായി ഭരണം നടത്തുന്ന സംസ്ഥാനങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഭരണ വിരുദ്ധ വികാരം മുന്നില്‍ കണ്ട് അതിനും മുകളില്‍ കാവി വികാരം ഉണ്ടാക്കാന്‍ ബി.ജെ.പിക്ക് സാധിച്ചില്ല എന്ന് തന്നെയാണ് ആര്‍.എസ്.എസും വിലയിരുത്തുന്നത്.

തീവ്രഹിന്ദുത്വ നിലപാടുകളിലേക്ക് തിരികെ പോയും സ്ഥാനാര്‍ത്ഥി പട്ടികയില്‍ പുതുമുഖങ്ങളെ രംഗത്തിറക്കിയും ലോകസഭ തിരഞ്ഞെടുപ്പിനെ നേരിടാനാണ് ആര്‍.എസ്.എസ്- ബി.ജെ.പിക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ഇപ്പോഴത്തെ വിജയത്തില്‍ ആവേശം പൂണ്ട് കോണ്‍ഗ്രസ്സ് പ്രതിപക്ഷ മഹാസഖ്യം ശക്തമാക്കുന്നത് തടയാന്‍ കേന്ദ്ര ഭരണ സ്വാധീനം ഉപയോഗിച്ച് ബി.ജെ.പിയും നീക്കം തുടങ്ങിക്കഴിഞ്ഞു.

പ്രധാനമായും ഏറ്റവും കൂടുതല്‍ ലോകസഭാ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന യു.പി യില്‍ സമാജ് വാദി – ബി.എസ്.പി സഖ്യം ഉണ്ടാകാതെ നോക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.

ഉടക്കി നില്‍ക്കുന്ന ശിവസേനയുമായി അനുരഞ്ജന നീക്കം നടത്താനും കൂടുതല്‍ പ്രാദേശിക പാര്‍ട്ടികളെ സഹകരിപ്പിക്കാനുമാണ് നീക്കം. ആന്ധ്രയില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ്, തമിഴകത്ത് രജനീകാന്ത് എന്നിവരെ കൂടെ നിര്‍ത്താന്‍ കഴിയുമെന്നാണ് ബി.ജെ.പി പ്രതീക്ഷ.

കര്‍ണ്ണാടകയില്‍ ജനതാദളിലെയും കോണ്‍ഗ്രസ്സിലെയും ഒരു വിഭാഗത്തെ അടര്‍ത്തിമാറ്റാനും നീക്കുണ്ട്. ഒറീസയില്‍ ബിജു ജനതാദളിനെ അനുനയിപ്പിക്കാന്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ രംഗത്തിറക്കാനാണ് നീക്കം.

അടവുകള്‍ പലതും അണിയറയില്‍ കാവിപ്പട തയ്യാറാക്കുന്നുണ്ടെങ്കിലും പുതിയ തിരഞ്ഞെടുപ്പ് വിധിയോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടുതല്‍ ഉഷാറായിരിക്കുകയാണ്.

Top