മധ്യപ്രദേശിലും ഡൽഹിയിലും ആക്രമം, ന്യൂനപക്ഷത്തിന് മനസ്സിലായി ആ ‘പിഴ’

രേന്ദ്ര മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കും മുന്‍പ് തന്നെ ഒരു വിഭാഗം ഇപ്പോള്‍ ആക്രമണം തുടങ്ങിയിരിക്കുകയാണ്. മധ്യപ്രദേശിലും ഡല്‍ഹിയിലും മുസ്ലീം യുവാക്കള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമികളുടെ ഉദ്ദേശം അവരുടെ മുദ്രാവാക്യത്തില്‍ തന്നെ പ്രകടമാണ്.

ഹരിയാനയിലെ ഗുരു ഗ്രാമില്‍ 25 കാരനായ മുഹമ്മദ് ബറാക്കത്ത് ആലത്തിനാണ് മര്‍ദ്ദനമേറ്റത്. പള്ളിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. തൊപ്പി വലിച്ചൂരി ജയ് ശ്രീറാം എന്ന് വിളിക്കാന്‍ ആവശ്യപ്പെട്ടന്നാണ് യുവാവ് പറയുന്നത്.ഈ പ്രദേശത്ത് ഈ തൊപ്പി ധരിക്കാന്‍ പാടില്ലെന്നാണ് അക്രമികള്‍ പറഞ്ഞത്. സഹായത്തിന് ആരും തിരിഞ്ഞ് നോക്കിയില്ലെന്നും മുഹമ്മദ് ബറാക്കത്ത് വെളിപ്പെടുത്തുകയുണ്ടായി.

ബി.ജെ.പി ഭരണത്തിലെ പൊലീസില്‍ ആര്‍ക്കും വലിയ വിശ്വാസം വേണ്ട, എന്നാല്‍ ഈ പ്രദേശത്ത് കോണ്‍ഗ്രസ്സിനും ശക്തമായ സ്വാധീനമുള്ളതാണ്. തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ രണ്ടാമത് എത്തിയതും അവരാണ്. അരുതെന്ന് പറയാനും പ്രതിഷേധം സംഘടിപ്പിക്കാനും എന്തുകൊണ്ട് ഒരു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ പോലും തയ്യാറായില്ല ?

അതുപോലെ തന്നെ മധ്യപ്രദേശിലെ സിയോനിയില്‍ മുസ്ലീം ചെറുപ്പക്കാരെ ഗോ രക്ഷകര്‍ ആക്രമിക്കുമ്പോള്‍ കോണ്‍ഗ്രസ്സ് ഭരണകൂടം എന്ത് ചെയ്യുകയായിരുന്നു ? ഈ ചോദ്യം കേരളത്തില്‍ യു.ഡി.എഫിന് വോട്ട് ചെയ്ത ന്യൂനപക്ഷ വിഭാഗം കോണ്‍ഗ്രസ്സ് നേതൃത്വത്തോടാണ് ചോദിക്കേണ്ടത്. ആക്രമണകാരികള്‍ക്കെതിരെ ഖദര്‍ ധാരികളുടെ ഒരു വിരല്‍ പോലും അവിടെ ഉയര്‍ന്നിട്ടില്ല. ഉയര്‍ന്നത് ഡി.വൈ.എഫ്.ഐയുടെ മുഷ്ടികളാണ്.

മധ്യപ്രദേശിലും മഹാരാഷ്ട്രയിലും അടക്കം സ്വാധീനമില്ലാത്ത സ്ഥലങ്ങളില്‍ പോലും സി.പി.എമ്മും ഡി.വൈ.എഫ്.ഐയും പ്രതിഷേധം സംഘടിപ്പിച്ചു. എന്നിട്ടും ഒരു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും തെരുവിലിറങ്ങിയിട്ടില്ല. പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഒരാളെ മാത്രമാണ് കമല്‍നാഥിന്റെ പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു എന്നാണ് അവകാശവാദം.

എല്ലാ മതവിഭാഗങ്ങളെയും ഒരു പോലെ ഉള്‍കൊണ്ട് മുന്നോട്ട് പോകുന്ന രാജ്യമാണ് ഇന്ത്യ. ഏതെങ്കിലും ഒരു മത വിഭാഗത്തിന്റെ മാത്രമല്ല. അങ്ങനെ ചിത്രീകരിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുകയുമില്ല.

ബുദ്ധ മതവിശ്വാസിയായ ദലൈലാമക്ക് ചൈനയുടെ എതിര്‍പ്പ് പോലും വകവയ്ക്കാതെ അഭയം നല്‍കിയ ചരിത്രമാണ് ഈ രാജ്യത്തിനുള്ളത്.

ഇതെല്ലാം മറന്ന് മോദിക്ക് രണ്ടാം ഊഴം ലഭിക്കുമ്പോള്‍ അക്രമത്തിന്റെ പാതയിലേക്ക് പോകുന്നവര്‍ ആരായാലും അവര്‍ അപകടകാരികളാണ്. ഇത്തരം സാമൂഹ്യ വിരുദ്ധരെ നിലക്ക് നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാറിനും കേന്ദ്ര സര്‍ക്കാറിനും ഒരു പോലെ ഉത്തരവാദിത്വമുണ്ട്. ഒറ്റക്ക് രാജ്യം ഭരിക്കാന്‍ ഭൂരിപക്ഷം കിട്ടിയിട്ടുണ്ടെങ്കിലും 63 ശതമാനം ജനങ്ങളും എതിര്‍ത്താണ് വോട്ട് ചെയ്തതെന്ന യാഥാര്‍ത്ഥ്യം ബി.ജെ.പിയും നരേന്ദ്ര മോദിയും ഓര്‍ക്കുന്നത് നല്ലതാണ്.

ഇപ്പോഴത്തെ ആക്രമണ സംഭവങ്ങളില്‍ വയനാട്ടില്‍ പച്ച പതാക വിരിച്ച് രാഹുല്‍ ഗാന്ധിക്ക് അഭയം നല്‍കിയ മുസ്ലിം ലീഗുകാര്‍ക്ക് എന്താണ് പറയാനുള്ളത്? ന്യൂനപക്ഷങ്ങളുടെ രക്ഷകനായി കണ്ട് കേരളത്തിലെ 20-ല്‍ 19 സീറ്റുകളിലും യു.ഡി.എഫിനെ വിജയിപ്പിച്ചവരാണിപ്പോള്‍ വിഡ്ഡികളായിരിക്കുന്നത്.

കേരളത്തില്‍ ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകാത്തത് ഇവിടെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് കരുത്ത് ഉള്ളത് കൊണ്ടാണ്. ഭരണമില്ലാത്തിടത്തും സ്വാധീനത്തിന്റെ ശക്തിക്കനുസരിച്ച് തെരുവില്‍ ഇറങ്ങാന്‍ മടിക്കാത്തവരാണ് കമ്യൂണിസ്റ്റുകള്‍. പിടഞ്ഞ് വീണ നിരവധി പേരുടെ രക്തസാക്ഷിത്വം തന്നെ അത് സാക്ഷ്യപ്പെടുത്തും. പാര്‍ട്ടിയുടെ പേരില്‍ മുസ്ലീം എന്ന് എഴുതിയത് കൊണ്ട് മാത്രം മുസ്ലീം ലീഗ് ന്യൂനപക്ഷ സംരക്ഷകരാകില്ല, ആ പാര്‍ട്ടി ഉള്‍പ്പെട്ട മുന്നണിയില്‍ പ്രതീക്ഷയര്‍പ്പിച്ചവര്‍ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ ഇനിയെങ്കിലും തയ്യാറാകണം.

കമ്യൂണിസ്റ്റുകളെ സംബന്ധിച്ച് ജാതിയും മതവും ഒന്നും നോക്കിയല്ല നിലപാട് സ്വീകരിക്കരിക്കുന്നത്. മനുഷ്യനെ മനുഷ്യനായി കണ്ടാണ് അവരുടെ സമീപനം.ശബരിമല വിഷയത്തിലും സ്വീകരിച്ചത് ആ നിലപാടാണ്. അതിനെ വിശ്വാസികള്‍ക്കെതിരായ നീക്കമായി ചിത്രീകരിക്കപ്പെട്ടു.കോണ്‍ഗ്രസ്സ് തന്നെയാണ് ഇക്കാര്യത്തിലും നേട്ടമുണ്ടാക്കിയത്. ക്ഷേത്രപ്രവേശനം അവര്‍ണ്ണര്‍ക്ക് സാധ്യമാക്കിയത് കമ്യൂണിസ്റ്റുകളുടെ പോരാട്ട ഫലമായാണെന്ന് പോലും മറന്നാണ് ചുവപ്പിനെ, തെറ്റിദ്ധരിക്കപ്പെട്ടവര്‍ കൈവിട്ടത്. ഒരു സമരം പോലും നടത്താതെ, ഖദറില്‍ വിയര്‍പ്പ് പറ്റാതെ കോണ്‍ഗ്രസ്സിന് കേരളത്തില്‍ നേട്ടമുണ്ടാക്കാനും കഴിഞ്ഞു. തെരുവില്‍ പോരാട്ടം നടത്തുന്ന കമ്യൂണിസ്റ്റുകളാകട്ടെ വിഡ്ഡികളുമായി.

വിശാല അര്‍ത്ഥത്തില്‍ വസ്തുതകളെ നോക്കി കാണാന്‍ കഴിയാത്തവര്‍ക്ക് എന്നും ചുവപ്പ് ശത്രു പക്ഷത്താണ്. ആ പക്ഷത്ത് അറിഞ്ഞോ അറിയാതെയോ കേരളത്തിലെ ഒരു വിഭാഗവും വീണിട്ടുണ്ട്. ലീഗും ജമാഅത്ത് ഇസ്ലാമിയും എടുത്ത സമീനങ്ങളും ഇരട്ടതാപ്പാണ്.

മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ച് ബി.ജെ.പിയെ സഹായിച്ചതില്‍ ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും പങ്കുണ്ട്. ബംഗാളിലും മഹാരാഷ്ട്രയിലും ആന്ധ്രയിലും മത്സരിച്ച് നിലം തൊട്ടില്ലെങ്കിലും ബി.ജെ.പി വിജയത്തിന് അവര്‍ കളമൊരുക്കി. ബി.ജെ.പിക്ക് പ്രതിവിധി കോണ്‍ഗ്രസ്സാണെന്ന് പ്രചരിപ്പിച്ച് കേരളത്തില്‍ ന്യൂനപക്ഷ ഏകീകരണം സാധ്യമാക്കിയവരുടെ തനിനിറമാണ് ഇവിടങ്ങളില്‍ കണ്ടത്.

മുസ്ലീം വോട്ടുകള്‍ ഏറെയുള്ള മഹാരാഷ്ട്രയിലെ ഹങ്കോളി, റാവര്‍, കല്ല്യാണ്‍, ആന്ധ്രപ്രദേശിലെ വിജയവാഡ, നാരസരോ പേട്ട്, രാജം പേട്ട് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സിനെതിരെയാണ് ഇവര്‍ മത്സരിച്ചത്. ഇത് ബി.ജെ.പിക്കും ശിവസേനക്കും ശരിക്കും ഗുണം ചെയ്തു.

ഫാസിസത്തെ തോല്‍പ്പിക്കാനെന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധിക്ക് നിരുപാധിക പിന്തുണ നല്‍കിയ വെല്‍ഫെയര്‍ പാര്‍ട്ടി പശ്ചിമബംഗാളിലടക്കം മത്സരിച്ചത് ബി.ജെ.പിക്കാണ് നേട്ടമുണ്ടാക്കിയത്.ബംഗാളിലെ ജംഗീപൂര്‍ മണ്ഡലത്തില്‍ വെല്‍ഫയര്‍ പാര്‍ട്ടി ദേശീയ അധ്യക്ഷനാണ് മത്സരിച്ചത്.ഇവിടെ യഥാര്‍ത്ഥത്തില്‍ ‘വെല്‍ഫയര്‍’ കിട്ടിയത് ബി.ജെ.പിക്കാണ്. മുന്‍ രാഷ്ട്രപതിയുടെ മകന്‍ അഭിജിത്ത് മുഖര്‍ജിയാണ് ഇത് മൂലം പരാജയപ്പെട്ടത്. കോണ്‍ഗ്രസ്സ് മത്സരിച്ച കുച്ച് ബീഹാറിലും വെല്‍ഫെയര്‍ സ്ഥാനാര്‍ത്ഥിത്വം ബി.ജെ.പിക്ക് അട്ടിമറി വിജയം നേടാനും വഴി ഒരുക്കി.

കേരളത്തില്‍ രാഹുലിനെ ഉയര്‍ത്തി കാട്ടിയവരുടെ തനിനിറം പ്രകടമാക്കുന്ന നിലപാടാണിത്. ഇവിടെ ഇവരുടെ കെണിയില്‍ വീണ ന്യൂനപക്ഷങ്ങള്‍ ഇനിയെങ്കിലും യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞില്ലങ്കില്‍ ഉള്ള ‘അഭയവും’ നിങ്ങള്‍ക്ക് നഷ്ടമാകും.

Political Reporter

Top