ന്യൂഡല്‍ഹി: മാധ്യമവാര്‍ത്തകളിലെ പേര് കണ്ടു കൊണ്ടല്ല ബി.ജെ.പി.യും എന്‍.ഡി.എ.യും മന്ത്രിമാരെ നിശ്ചയിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
മാധ്യമങ്ങളില്‍ പേരു കണ്ടിട്ട് ആരും മന്ത്രിസ്ഥാനം ആഗ്രഹിക്കരുതെന്നും ബി.ജെ.പി. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പുതിയ എം.പി.മാരോട് മോദി പറഞ്ഞു. മന്ത്രിസഭാ രൂപവത്കരണ ചര്‍ച്ചകള്‍ ആരംഭിച്ച പശ്ചാത്തലത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.
മാധ്യമങ്ങളില്‍ മന്ത്രിമാരാകാന്‍ സാധ്യതയുള്ളവരുടെ പേരുകള്‍ വരുന്ന കാലമാണിത്. അതില്‍ നിങ്ങളുടെ പേരുകളും വരാന്‍ സാധ്യതയുണ്ട്. അതു കണ്ട് മന്ത്രിമാരാക്കും എന്നു തെറ്റിദ്ധരിക്കേണ്ടതില്ല. മാധ്യമങ്ങളിലെ പേരുകള്‍ കണ്ടല്ല ബി.ജെ.പി.യും എന്‍.ഡി.എ.യും മന്ത്രിമാരെ നിശ്ചയിക്കുക. അതിനു കൃത്യമായ മാനദണ്ഡങ്ങളുണ്ട്. മന്ത്രിമാരാകാന്‍ ആഗ്രഹിക്കുന്നവരെ കബളിപ്പിക്കുന്ന രീതിയും നിലവിലുണ്ട്, മോദി വ്യക്തമാക്കി.
മാധ്യമങ്ങളോടു സംസാരിക്കുന്ന സമയം പുതിയ അംഗങ്ങള്‍ വളരെയധികം ജാഗ്രത പാലിക്കണം. ഓഫ് ദ റെക്കോഡ് എന്ന് പറഞ്ഞ് ചിലര്‍ സംസാരിക്കാന്‍ എത്തും. പോക്കറ്റില്‍ ശബ്ദം റെക്കോഡ് ചെയ്യുന്ന സംവിധാനങ്ങളുമായിട്ടായിരിക്കും ഇവര്‍ വരിക. ഇതറിയാതെ സംസാരിച്ചു പോകും. എന്നാല്‍, അവര്‍ അതെടുത്ത് ചാനലില്‍ കൊടുക്കും. അതിനാല്‍ സംസാരം നിയന്ത്രിക്കണം, മോദി നിര്‍ദ്ദേശിച്ചു.