പ്രജ്ഞ സിങ് ഠാക്കൂര്‍ ബി.ജെ.പിക്ക് വെല്ലുവിളിയാകുന്നു. കാവി രാഷ്ട്രീയത്തിന്റെ മുഖംമൂടിയണിഞ്ഞ് ഹിന്ദു വോട്ടുകള്‍ അനുകൂലമാക്കി പാര്‍ലമെന്റിലെത്തിയ പ്രജ്ഞയെപോലുള്ളവര്‍ ബി.ജെ.പി എന്ന രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് തന്നെ ഇപ്പോള്‍ അപമാനമായിരിക്കുകയാണ്.
ശൗചാലയവും അഴുക്കുചാലുകളും വൃത്തിയാക്കാനല്ല തന്നെ തെരഞ്ഞെടുത്തതെന്ന് പറഞ്ഞ പ്രജ്ഞാ സിങ്, തന്നെ ഏല്‍പ്പിച്ചിരിക്കുന്ന ജോലിയെന്താണോ അത് കൃത്യമായി ചെയ്യുമെന്നുമാണ് പറഞ്ഞിരിക്കുന്നത്. അത് എന്താണെന്ന് മാത്രമാണ് ഇനി അറിയേണ്ടിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചരണ വേളകളിലുള്‍പ്പെടെ പ്രകേപനപരമായ നിരവധി പ്രസ്ഥാവനകള്‍ മുന്‍പും പ്രജ്ഞ സിങ് നടത്തിയിട്ടുണ്ട്. സ്വന്തം മണ്ഡലത്തിലെ ജനങ്ങളോട് സംവധിക്കുമ്പോഴാണ് അവര്‍ വീണ്ടും വിവാദത്തില്‍ പെട്ടിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിക്ക് നേരെ വിപരീതമായ രീതിയില്‍ പ്രതികരിച്ച എം.പിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് കാവിപാളയത്തിലും ഉയര്‍ന്നിരിക്കുന്നത്.
തന്നെ വിളിച്ച് കാര്യങ്ങള്‍ പറയുന്നതിന് പകരം പ്രാദേശിക നേതാക്കളായ എം.എല്‍.എയോടും മുനിസിപ്പാലിറ്റിയോടും പറയണമെന്നും അവരാണ് പരിഹാരമുണ്ടാക്കേണ്ടതെന്നുമാണ് പ്രജ്ഞയുടെ നിലപാട്. സഹികെട്ട് ഒടുവില്‍ ഈ എം.പിയെ പാര്‍ട്ടി ആസ്ഥാനത്തേക്ക് നേരിട്ട് വിളിച്ച് വരുത്തിയാണ് ബി.ജെ.പി താക്കീത് ചെയ്തിരിക്കുന്നത്.
ഇത്തരം വിവാദ പ്രസ്താവനകള്‍ നടത്തുന്നതില്‍നിന്ന് പ്രജ്ഞ സിങ് മാറിനില്‍ക്കണമെന്നും പാര്‍ട്ടി നടത്തുന്ന പ്രചാരണങ്ങള്‍ക്കോ പാര്‍ട്ടിയുടെ ആശയങ്ങള്‍ക്കോ വിരുദ്ധമായ പ്രസ്താവനകളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും അവര്‍ക്ക് ബി.ജെ.പി താക്കീത് നല്‍കിയിട്ടുണ്ട്.
പ്രജ്ഞയുടെ പ്രസ്താവനയെ പരിഹസിച്ച് അസദുദ്ദീന്‍ ഒവൈസി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ വെല്ലുവിളിക്കുന്നതാണ് പ്രജ്ഞയുടെ പരാമര്‍ശമെന്നാണ് ഒവൈസി തുറന്നടിച്ചിരുന്നത്.
മേല്‍ജാതിക്കാരിയായ പ്രജ്ഞ ശൗചാലയം വൃത്തിയാക്കുന്നവരെ തനിക്കു തുല്യരായി കാണുന്നില്ലെന്നും ഒവൈസി കുറ്റപ്പെടുത്തുന്നു.
മുതിര്‍ന്ന ബി.ജെ.പി എം.പിമാരുള്‍പ്പെടെ ഒരുവശത്ത് സ്വഛ് ഭാരത് അഭിയാനില്‍ കര്‍മ്മനിരതരാകുമ്പോള്‍ മറുവശത്ത് പ്രജ്ഞയെപോലുള്ളവര്‍ നടത്തുന്ന വിവാദ പ്രസ്ഥാവനകള്‍ ബി.ജെ.പിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്.
മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയായ പ്രജ്ഞയെ ഭോപ്പാലില്‍ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത് അബദ്ധമായിപോയെന്ന നിലപാടിലാണ് പാര്‍ട്ടി നേതൃത്വം.
ഗാന്ധി ഘാതകനായ ഗോഡ്സെയെ രാജ്യ സ്നേഹിയെന്ന് വരെ വിളിച്ച പ്രജ്ഞക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ചവരാണ് ഇതോടെ വിഡ്ഢികളായിരിക്കുന്നത്. വായില്‍ തോന്നുന്നത് വിളിച്ച് പറയാനും സ്വന്തം ആശയങ്ങളും അജണ്ടയും നടപ്പാക്കാനുമാണ് ഈ കപട സ്വാമിനി വോട്ടര്‍മാരെ കരുവാക്കിയിരിക്കുന്നത്.
പാര്‍ട്ടി നേതൃത്വത്തിനും നേതാക്കള്‍ക്കും പുല്ലുവില കല്‍പ്പിച്ചാണ് പ്രജ്ഞാ സിങ് ഇതുവരെ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ളത്. അതില്‍ തങ്ങള്‍ക്കോ പാര്‍ട്ടിക്കോ യാതൊരു പങ്കും ഇല്ലെന്ന് ബി.ജെ.പി നേതൃത്വം പറയുന്നുണ്ടെങ്കിലും അത് ആരും തന്നെ മുഖവിലക്കെടുത്തിട്ടില്ല.
മുബൈ ഭീകരാക്രണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ ഹേമന്ദ് കര്‍ക്കരെ മരണപ്പെട്ടത് തന്റെ ശാപം കൊണ്ടാണെന്ന് വരെ പറഞ്ഞ ഇവര്‍ക്ക് എന്തും പറയാനുള്ള ഔദ്യോഗികമായ ലൈസന്‍സ് കൂടിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന എം.പി പദവി. ആര്‍.എസ്.എസ് നേതൃത്വം ഇടപ്പെട്ടാണ് ഭോപ്പാല്‍ സീറ്റില്‍ പ്രജ്ഞാ സിങ് ഠാക്കൂറിനെ മത്സരിപ്പിച്ചിരുന്നത്.
രണ്ട് എം.പിമാരുമായി പാര്‍ലമെന്റിന്റെ ഒരു മൂലക്കൊതുങ്ങിയിരുന്ന ബി.ജെ.പിയെ ഇന്ന് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയായി വളര്‍ത്തിയെടുത്തതില്‍ അദ്വാനിയെപ്പോലെയുള്ള മുതിര്‍ന്ന നേതാക്കള്‍ വഹിച്ച പങ്ക് വലുതാണ്.
ആര്‍.എസ്.എസ് അജണ്ട നടപ്പാക്കാനുള്ള പാര്‍ട്ടിയെന്ന ലേബലിലേക്ക് ബി.ജെ.പിയെ മാറ്റിയെടുത്തത് അദ്വാനിയുടെ രഥയാത്രയായിരുന്നു. എന്നാല്‍ അദ്വാനിയേയും കടത്തിവെട്ടുന്ന നീക്കങ്ങളാണ് മോദിയുടേയും അമിത് ഷായുടേയും നേതൃത്വത്തില്‍ ഇപ്പോള്‍ നടപ്പാക്കികൊണ്ടിരിക്കുന്നത്.
മൃഗീയ ഭൂരിപക്ഷം നേടി രണ്ടാം തവണയും അധികാരത്തിലേറിയ ബി.ജെ.പിക്ക് ഈ രാജ്യത്തോടും ഇവിടുത്തെ ജനങ്ങളോടും ഒരു കടപ്പാടുണ്ട്. അത് മറന്നാണ് പ്രജ്ഞാ സിങ് ഠാക്കൂറിനെപ്പോലെയുള്ള ജനപ്രതിനിധികളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
Political Reporter