രാജ്യത്തെ ഭൂരിപക്ഷ ജനതയുടെ പിന്തുണ ഇപ്പോഴും മോദിക്കില്ല, 63 ശതമാനം എതിര് !

രേന്ദ്രമോദിയും ബി.ജെ.പിയും 303 സീറ്റുമായി തനിച്ചു ഭരിക്കാന്‍ ഭൂരിപക്ഷം നേടിയെന്ന് അഹങ്കരിക്കാന്‍ വരട്ടെ. ഇന്ത്യയിലെ വോട്ടര്‍മാരില്‍ 63 ശതമാനവും വോട്ടുചെയ്തത് നരേന്ദ്രമോദിക്കും ബി.ജെ.പിക്കും എതിരെയാണ്. കണക്കുകള്‍ വ്യക്തമാക്കുന്നത് അതാണ്. 37.1 ശതമാനം വോട്ടു നേടിയ ബി.ജെ.പിക്ക് ഇന്ത്യ ഭരിക്കാന്‍ വഴിയൊരുക്കിയത് പ്രതിപക്ഷകക്ഷികളുടെ അനൈക്യവും തമ്മില്‍തല്ലും ഒന്നുകൊണ്ടുമാത്രമാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസാണ് പ്രധാന കാരണക്കാര്‍. യു.പി അടക്കം മിക്ക സ്ഥലങ്ങളിലും പ്രതിപക്ഷത്തെ ചതിച്ചത് കോണ്‍ഗ്രസിന്റെ ഒറ്റയാള്‍ പടയോട്ടമാണ്.

നരേന്ദ്രമോദി രണ്ടാമതും പ്രധാനമന്ത്രിയാകുമ്പോഴും അത് കോണ്‍ഗ്രസ് നേതാക്കളായ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും തെരഞ്ഞെടുപ്പ് വിജയങ്ങളുടെ അടുത്തുപോലും എത്തുന്നില്ലതും യാഥാര്‍ത്ഥ്യമാണ്. 2014ലെ 31.34 ശതമാനം വോട്ടില്‍ നിന്നും ആറു ശതമാനം വോട്ടിന്റെ മാത്രം വര്‍ധനയാണ് ബി.ജെ.പിക്ക് നേടാനായത്. അതേസമയം കഴിഞ്ഞ തവണത്തെ കോണ്‍ഗ്രസിന്റെ 19.52 ശതമാനം വോട്ട് ഇത്തവണ 25.38 ശതമാനമായി മാറി. ആറു ശതമാനത്തിന്റെ വോട്ടു വര്‍ധനയുണ്ടായിട്ടും പ്രതിപക്ഷ അനൈക്യം കാരണം എട്ട് ലോക്‌സഭാ സീറ്റുമാത്രമേ അധികമായി കോണ്‍ഗ്രസിന് ലഭിച്ചിട്ടുള്ളൂ.

ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റും വോട്ടിങ് ശതമാനവും കോണ്‍ഗ്രസ് നേടിയത് രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോഴാണ്. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട ശേഷം 1984ലെ പൊതു തെരഞ്ഞെടുപ്പില്‍ 514 അംഗ സഭയില്‍ 404 സീറ്റുമായാണ് കോണ്‍ഗ്രസ് അധികാരമേറ്റത്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 49.1 ശതമാനം വോട്ടും കോണ്‍ഗ്രസ് സ്വന്തമാക്കി. അന്ന് ബി.ജെ.പിക്ക് കേവലം രണ്ട് സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. അടല്‍ബിഹാരി വാജ്‌പേയിയും എല്‍.കെ അദ്വാനിയും മാത്രമായിരുന്നു ലോക്‌സഭയിലെ ബി.ജെ.പി എം.പിമാര്‍. കേവലം 7.74 ശതമാനം വോട്ടുമാത്രമാണ് ബി.ജെ.പിക്ക് ആ തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. സ്വാതന്ത്ര്യാനന്തരം 1952ലെ ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ 45 ശതമാനം വോട്ടുനേടിയാണ് കോണ്‍ഗ്രസ് അധികാരതുടര്‍ച്ച നേടിയിരുന്നത്.

പാക്ക് മണ്ണിലെ ബാലക്കോട്ട് മിന്നലാക്രമണത്തിലൂടെ ഇന്ത്യയുടെ വീരനായകനായി മോദിയെ അവതരിപ്പിച്ച ഈ തെരഞ്ഞെടുപ്പില്‍ 37.1 ശതമാനം വോട്ട് ബി.ജെ.പി നേടിയപ്പോള്‍ പാക്കിസ്ഥാനെതിരെ യുദ്ധവിജയം നേടിയ ശേഷം 1971ല്‍ ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ 43.68 ശതമാനം വോട്ടുകളോടെ 352 സീറ്റുകളുമായാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. മുമ്പത്തെ തെരഞ്ഞെടുപ്പിനേക്കാള്‍ 2.9 ശതമാനം വോട്ടുകള്‍ അധികമായി നേടാനും കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു.

പാക്കിസ്ഥാനെ യുദ്ധത്തില്‍ പരാജയപ്പെടുത്തി പാക്കിസ്ഥാനില്‍ നിന്നും കിഴക്കന്‍ പാക്കിസ്ഥാനെ വിഭജിച്ച് ബംഗ്ലാദേശ് എന്ന പുതിയ രാജ്യമാക്കാനും ഇന്ദിരക്ക് കഴിഞ്ഞിരുന്നു. അന്ന് ഇന്ദിരയെ ഇന്ത്യയുടെ ദുര്‍ഗാദേവി എന്നാണ് ബി.ജെ.പി നേതാവ് എ.ബി വാജ്‌പേയി പാര്‍ലമെന്റില്‍ വിശേഷിപ്പിച്ചിരുന്നത്.

അടിയന്തിരാവസ്ഥക്ക് ശേഷം 1977ലെ പൊതുതെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയും മകന്‍ സഞ്ജയ് ഗാന്ധിയുമടക്കം പരാജയപ്പെടുകയും കോണ്‍ഗ്രസ് തകര്‍ന്നടിയുകയും ചെയ്തു. 345 സീറ്റുമായി മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ ജനതാപാര്‍ട്ടി അധികാരത്തിലുമെത്തി. അന്ന് കോണ്‍ഗ്രസിന് 189 സീറ്റുമാത്രമാണ് ലഭിച്ചത്. ഇടതുപക്ഷവും ജനതാപാര്‍ട്ടിയുമെല്ലാം കൈകോര്‍ത്ത് പ്രതിപക്ഷം ഐക്യത്തോടെയാണ് അന്ന് കോണ്‍ഗ്രസിനെതിരെ മത്സരിച്ചിരുന്നത്.

77ലെ ആ പരാജയത്തിനു ശേഷം 1980തില്‍ ഇന്ദിരയും കോണ്‍ഗ്രസും വീണ്ടും അധികാരത്തില്‍ തിരിച്ചെത്തി. 42.69 ശതമാനം വോട്ടോടെ 374 സീറ്റുമായാണ് ഇന്ദിര ഇന്ത്യയുടെ പ്രധാനമന്ത്രിയായത്. മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ 8.17 ശതമാനം വോട്ടിന്റെ വര്‍ധനവും കോണ്‍ഗ്രസിനു നേടാനായി. ഇന്ദിരയുടെയും രാജീവ് ഗാന്ധിയുടെയും തെരഞ്ഞെടുപ്പ് വിജയനേട്ടങ്ങളുടെ അരികെയെത്താന്‍ പോലും ഇപ്പോഴും നരേന്ദ്രമോദിക്കും ബി.ജെ.പിക്കും കഴിഞ്ഞിട്ടില്ല.

ഇത്തവണ 13 സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് 50 ശതമാനം വോട്ടെന്ന നേട്ടം കൈവരിക്കാനായി. കോണ്‍ഗ്രസിനാകട്ടെ ഒരു സംസ്ഥാനത്തു പോലും 50 ശതമാനം വോട്ടുനേടാനുമായില്ല.

മേഘാലയിലെ 48.28 ശതമാനം മാത്രമാണ് കോണ്‍ഗ്രസിന്റെ ഉയര്‍ന്ന വോട്ടിങ് ശതമാനം. പാര്‍ട്ടി അധികാരത്തിലുള്ള രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ പോലും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. പതിമൂന്ന് സംസ്ഥാനങ്ങളില്‍ ഒരു സീറ്റ് പോലും നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. കേരളത്തിലെ വിജയത്തില്‍ മാത്രമാണ് ആ പാര്‍ട്ടി ദേശീയ തലത്തില്‍ ഇപ്പോള്‍ പിടിച്ചു നില്‍ക്കുന്നത്. രാഹുല്‍ ഗാന്ധിക്ക് അമേഠിയിലുണ്ടായ തിരിച്ചടി ഞെട്ടിക്കുന്നതാണ്. 67 ശതമാനം ജനങ്ങള്‍ എതിരായി വോട്ടു ചെയ്തിട്ടും 37.1 ശതമാനം വോട്ടുനേടിയ ബി.ജെ.പി ഇന്ത്യ ഭരിക്കുന്നത് പ്രതിപക്ഷത്തിന്റെ തമ്മില്‍തല്ലും അനൈക്യം കൊണ്ടും മാത്രമാണ്. യു.പിയില്‍ മഹാസഖ്യത്തിനൊപ്പം കോണ്‍ഗ്രസും അണിനിരക്കുകയും വിശാല മതേതര സഖ്യമുണ്ടാവുകയും ചെയ്തിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് ഫലം മറിച്ചാകുമായിരുന്നെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Top