ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല രംഗത്ത്. മോദി വ്യോമസേനയുടെ വിമാനങ്ങള്‍ ഉപയോഗിക്കുന്നത് ടാക്‌സി പോലെയാണെന്നാണ് സുര്‍ജേവാല ആരോപണം ഉന്നയിച്ചിരിക്കുന്നത്.
കുടുംബവുമായി യാത്ര ചെയ്യുന്നതിന് രാജീവ് ഗാന്ധി യുദ്ധക്കപ്പല്‍ ഉപയോഗിച്ചെന്ന മോദിയുടെ ആരോപണത്തിന് മറുപടിയായിട്ടാണ് സുര്‍ജേവാല ഇക്കാര്യം പറഞ്ഞിരിക്കുന്നത്. വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കലും കൃത്രിമത്വം കാണിക്കലുമാണ് മോദിയുടെ അവസാനത്തെ അടവെന്നും സുര്‍ജേവാല പരിഹസിച്ചു.
‘വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കലും കൃത്രിമത്വം കാണിക്കലും മാത്രമാണ് നിങ്ങള്‍ക്കുള്ള അവസാന ആശ്രയം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള യാത്രകള്‍ക്ക് വ്യോമസേന വിമാനം ഉപയോഗിച്ചതിന് 744 രൂപ മാത്രം നല്‍കി കൊണ്ട് ടാക്‌സി പോലെയാണ് അതിനെ കണക്കാക്കിയതെന്ന് വ്യക്തമാണ്. നാണകേട് ഉള്ളതു കൊണ്ടാണ് മറ്റുള്ളവര്‍ക്കു നേരെ വിരല്‍ ചൂണ്ടുന്നത്. നിങ്ങള്‍ തന്നെ ചെയ്ത പാപങ്ങള്‍ നിങ്ങളെ വേട്ടയാടുകയാണ്’, സുര്‍ജേവാല മോദിയ്‌ക്കെതിരെ പറയുന്നു.
ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലായിരുന്നു മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ മോദി ആരോപണം ഉന്നയിച്ചത്. ഐ.എന്‍.എസ്. വിരാട് യുദ്ധക്കപ്പല്‍ രാജീവ് ഗാന്ധിക്കും കുടുംബത്തിനും ദ്വീപിലേക്ക് അവധിക്കാല യാത്ര പോകുവാന്‍ വിട്ടുകൊടുത്തെന്നും വിരാടിനെ ടാക്സിയായി ഉപയോഗിച്ച ആദ്യ കുടുംബമാണ് രാജീവ് ഗാന്ധിയുടേതെന്നും മോദി പറഞ്ഞിരുന്നു.
അതേസമയം, മോദിയുടെ ആരോപണം നിഷേധിച്ചു കൊണ്ട് അന്നത്തെ ചീഫ് ഒഫ് നേവല്‍ സ്റ്റാഫ് ആയിരുന്ന അഡ്മിറല്‍ എം.രാംദാസ് രംഗത്തെത്തിയിരുന്നു. യുദ്ധക്കപ്പലില്‍ അദ്ദേഹം നടത്തിയത് ഔദ്യോഗിക യാത്രയാണെന്നും ദ്വീപ് വികസന സമിതിയുടെ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുന്നതിനായിരുന്നു അദ്ദേഹം പോയതെന്നും രാംദാസ് വ്യക്തമാക്കിയിരുന്നു.