തിരുവനന്തപുരം: നരേന്ദ്ര മോദിയെ പുകഴ്ത്തി പറഞ്ഞ കോണ്‍ഗ്രസ് നേതാവ് എ.പി.അബ്ദുള്ളക്കുട്ടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്.
അബ്ദുള്ളക്കുട്ടിക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കേണ്ടതാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടിരിക്കുന്നത്.
ബിജെപിയിലേക്ക് ചേക്കേറാനാണ് അബ്ദുള്ളക്കുട്ടിയുടെ ശ്രമം. വികസനത്തിന്റെ പേരിലാണ് മോദി വീണ്ടും അധികാരത്തിലെത്തിയതെങ്കില്‍ 2014-ല്‍ യുപിഎ സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരില്ലായിരുന്നോ എന്നും ഡീന്‍ കുര്യാക്കോസ് ചോദിച്ചു.
അതേസമയം, നരേന്ദ്ര മോദിയെ പുകഴ്ത്തിയുള്ള നിലപാടിലുറച്ച് നില്‍ക്കുന്നുവെന്ന് എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. താന്‍ സത്യസന്ധമായ കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞതെന്നും മോദിയുടെ വിജയത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഉള്ളുതുറന്ന അഭിപ്രായമായി മാത്രം ഇതിനെ കണ്ടാല്‍ മതിയെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കിയിരുന്നു.
മോദിക്ക് ജയം സമ്മാനിച്ചത് വികസന പദ്ധതികള്‍ തന്നെയാണ്. തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയവിരോധം പറഞ്ഞിട്ട് കാര്യമില്ല. ദരിദ്രരായവര്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കിയതും കക്കൂസ് നിര്‍മ്മിച്ച് നല്‍കിയതുമൊക്കെ വോട്ടായി മാറി. മോദിയുടെ വിജയത്തെപ്പറ്റി നിഷ്പക്ഷമായും ശാന്തമായും എല്ലാവരും വിശകലനം ചെയ്യണം. വികസന പദ്ധതികള്‍ തന്നെയാണ് മോദിക്ക് വന്‍ വിജയം സമ്മാനിച്ചത്. മോദിയുടെ പ്രവര്‍ത്തന ശൈലിയില്‍ ഗാന്ധിയന്‍ മൂല്യങ്ങളാണുള്ളത്, അബ്ദുള്ള കുട്ടിയുടെ വാക്കുകള്‍.