നാവിക സേനയ്ക്ക് കൂടുതൽ ശക്തി പകർന്ന് ഐഎന്‍എസ് കല്‍വാരി ; പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: സ്‌കോര്‍പീന്‍ ക്ലാസിലെ ആദ്യ ഇന്ത്യന്‍ മുങ്ങിക്കപ്പലായ ഐ.എന്‍.എസ് കല്‍വരി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു.

ദക്ഷിണ മുംബയില്‍ മഡ്ഗാവ് ഡോക്കില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, നാവികസേന മേധാവി സുനില്‍ ലാമ്ബ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവീസ് എന്നിവര്‍ പങ്കെടുത്തു.

‘മെയ്ക്ക് ഇന്‍ ഇന്ത്യ’യുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഐ.എന്‍.എസ് കല്‍വരിയെന്ന് മോദി പറഞ്ഞു. മുങ്ങിക്കപ്പല്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനായി പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായും മോദി വ്യക്തമാക്കി.

മുങ്ങിക്കപ്പലിന്റെ നിര്‍മാണവുമായി സഹകരിച്ച ഫ്രാന്‍സിനോടുള്ള എല്ലാ നന്ദിയും മോദി വേദിയില്‍ വച്ച് അറിയിച്ചു.

ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ വളരുന്ന ബന്ധത്തിന്റെ തെളിവാണ് ഐ.എന്‍,എസ് കല്‍വരിയെന്ന് മോദി വ്യക്തമാക്കി.

മേഖലയുടെ സുരക്ഷയ്ക്ക് എക്കാലും ഇന്ത്യ വളരെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. കടല്‍ വഴിയുള്ള ഭീകരവാദമോ, കടല്‍ക്കൊള്ളയോ തുടങ്ങി ഏത് ഭീകരതയും നേരിടുന്നതില്‍ ഇന്ത്യ നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്നും മോദി പറഞ്ഞു.

ഫ്രാന്‍സിന്റെ സഹായത്തോടെ നിര്‍മിക്കുന്ന ആറ് സ്‌കോര്‍പീന്‍ ക്ലാസിലെ ആദ്യ മുങ്ങിക്കപ്പലാണിത്.

സേനയ്ക്കായി അത്യാധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കല്‍വാരിയുടെ നിര്‍മ്മാണം. 67.5 മീറ്റര്‍ വീതിയും 12.3 മീറ്റര്‍ നീളവുമാണ് കല്‍വാരിക്കുള്ളത്.

ഉഗ്ര ശേഷിയുള്ള സ്‌ഫോടക വസ്തുക്കളും,കൃത്യമായ ലക്ഷ്യം കണ്ടെത്തി ആക്രമിക്കാന്‍ ഉതകും വിധത്തിലുള്ള സബ്റ്റിക്‌സ് ആയുധ സംവിധാനവും കല്‍വാരിയുടെ പ്രത്യേകതകളാണ്.

ലക്ഷ്യം കണ്ടെത്താന്‍ സഹായിക്കുന്ന ഇന്‍ഫ്രാറെഡ് പെരിസ്‌കോപ്പിക്ക് സംവിധാനങ്ങളും കല്‍വാരിയിലുണ്ട്.

Top