പ്രധാനമന്ത്രിപദത്തില്‍ നരേന്ദ്രമോദിക്ക് രണ്ടാമൂഴം സമ്മാനിച്ചത് പാക്കിസ്ഥാന്‍ മണ്ണില്‍ നടത്തിയ മിന്നലാക്രമണം. സൈനിക നടപടി പ്രചരണായുധമാക്കി തെരഞ്ഞെടുപ്പ് വിജയം നേടുകയെന്ന മറ്റാരും പ്രയോഗിക്കാത്ത അടവാണ് മോദി പയറ്റിയത്. പാക്കിസ്ഥാനെതിരെ ഹിന്ദി ഹൃദയഭൂമിയില്‍ കത്തിനില്‍ക്കുന്ന പ്രതിഷേധം വോട്ടാക്കി മാറ്റാനായതാണ് മോദിയുടെ വിജയം.
പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹത്തിനുനേരെ ആക്രമണം നടത്തി 49 ജവാന്‍മാരുടെ ജീവനെടുത്ത ഭീകരവാദികളെ പാക്കിസ്ഥാനിലെ അവരുടെ താവളത്തിലെത്തി ബോംബിട്ടു തകര്‍ത്താണ് മിന്നലാക്രമണത്തിലൂടെ ഇന്ത്യ തിരിച്ചടി നല്‍കിയത്.പുല്‍വാമ ഭീകരാക്രമണത്തിന്റെ പതിമൂന്നാം ദിവസമാണ് ഇന്ത്യ പാക്കിസ്ഥാനില്‍ മിന്നലാക്രമണം നടത്തിയിരുന്നത്.
മുംബൈ ഭീകരാക്രമണത്തില്‍പോലും തിരിച്ചടിക്കാത്ത കോണ്‍ഗ്രസ് സര്‍ക്കാരിനു മുന്നില്‍ കോട്ട് മിന്നലാക്രമണത്തിലൂടെ നരേന്ദ്രമോഡി സൂപ്പര്‍ഹീറോ ആവുകയായിരുന്നു.
നോട്ടുനിരോധനവും ജി.എസ്.ടിയും റാഫേല്‍ വിമാന ഇടപാടിലെ അഴിമതിയടക്കമുള്ള പ്രതികൂലഘടകങ്ങളെയെല്ലാം ബലാകോട്ട് മിന്നലാക്രമണം എന്ന ഒറ്റ തുറുപ്പുചീട്ടുകൊണ്ടാണ് മോദി മറികടന്നത്. ചൗകിദാര്‍ ചോര്‍ഹെ എന്ന മുദ്രാവാക്യവുമായി റാഫേല്‍ അഴിമതി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആയുധമാക്കിയപ്പോള്‍. ദേശീയതയാണ് മോദി വജ്രായുധമായി പ്രയോഗിച്ചത്.
പാക്കിസ്ഥാന്റെ മണ്ണില്‍ കടന്ന് തീവ്രവാദകേന്ദ്രങ്ങള്‍ ബോംബിട്ടു തകര്‍ത്ത ബാലാകോട്ടെ മിന്നലാക്രമണം ഹിന്ദി ഹൃദയഭൂമിയായ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മോദിയെ വലിയ ഹീറോയാക്കി.
നോട്ട്നിരോധനം, ജി.എസ്.ടി, റാഫേല്‍ അഴിമതി അടക്കമുള്ള കോണ്‍ഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും ആരോപണശരങ്ങളൊന്നും മോദിയെ ഏശിയതുമില്ല. പാക് വിമാനങ്ങളെ തുരത്തുന്നതിനിടെ വിമാനം തകര്‍ന്ന് പാക് സൈന്യത്തിന്റെ പിടിയിലായ ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദനെ മോചിപ്പിക്കാനായതും മോദിയുടെ പ്രതിഛായ വര്‍ധിപ്പിച്ചു.
യുവാക്കളോട് രക്തസാക്ഷികളായ ഇന്ത്യന്‍ സൈനികര്‍ക്കുവേണ്ടി വോട്ടുചെയ്യാനാണ് മോദി പറഞ്ഞത്. കോണ്‍ഗ്രസ് ഭീകരവാദികള്‍ക്ക് ബിരിയാണി വിളമ്പുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ബാലാകോട്ട് ഭീകരാക്രമണത്തില്‍ 250 ഭീകരര്‍ കൊല്ലപ്പെട്ടെന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ വാദം കോണ്‍ഗ്രസ് തള്ളിയതും ഭീകരര്‍ കൊല്ലപ്പെട്ട കണക്കില്‍ അവിശ്വാസം രേഖപ്പെടുത്തിയതും കോണ്‍ഗ്രസ് ഭീകരരെ സഹായിക്കുകയാണെന്ന പ്രചരണത്തിന് വഴിയൊരുക്കി. ഇത് ഹിന്ദി മേഖലകളില്‍ കോണ്‍ഗ്രസിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഭീകരാക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിടുകയും മിന്നലാക്രമണത്തിന് മുമ്പ് ബാലാകോട്ട് മേഖലയില്‍ 250 മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തിച്ചതായും ആക്രമണത്തിനു ശേഷം അവയെല്ലാം നിശ്ചലമായതായി തെളിയിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയുടെ ബാലാകോട്ട് മിന്നലാക്രമണത്തില്‍ ആള്‍ നാശമുണ്ടായിട്ടില്ലെന്നും പൈന്‍മരങ്ങള്‍ക്ക് മാത്രമാണ് നാശമുണ്ടായതെന്നുമായിരുന്നു പാക്കിസ്ഥാന്റെ വാദം. ഇന്ത്യ മിന്നലാക്രമണം നടത്തിയിടത്തേക്ക് വിദേശമാധ്യമങ്ങളെ ക്ഷണിച്ചെങ്കിലും പിന്നീട് വഴിതെറ്റിച്ചു. ……
ഇതിനിടെ ബാലകോട്ടില്‍ വലിയ ആള്‍നാശമുള്ളതായി വിവരങ്ങളും പുറത്തുവരികയുണ്ടായി. ഇതോടെ മോദിയുടെ വീരപരിവേഷത്തിന് കൂടുതല്‍ തിളക്കമായി. ബാലാകോട്ട് ഭീകരാക്രമണത്തിലെ ആള്‍നാശത്തിന് തെളിവുചോദിച്ച കോണ്‍ഗ്രസിന് നാണക്കേടുമായി.
മുബൈ ഭീകരാക്രമണം, പുല്‍വാമ ഭീകരാക്രമണം എന്നിവയുടെയെല്ലാം സൂത്രധാരനായ കൊടും തീവ്രവാദി മസൂദ് അസ്ഹറിനെ ചൈനയുടെ എതിര്‍പ്പിനെപ്പോലും മറികടന്ന് ആഗോള ഭീകരനായി പ്രഖ്യാപിപ്പിച്ചതും മോദിയുടെ നേട്ടമായി.
ഐക്യരാഷ്ട്ര സഭയാണ് മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ചത്. ഇതിനെ ആദ്യം എതിര്‍ത്ത ചൈനക്ക് പിന്നീട് വഴങ്ങേണ്ടി വന്നിരുന്നു.
2014ല്‍ രാമക്ഷേത്രനിര്‍മ്മാണം അടക്കം ഉയര്‍ത്തികാട്ടി ഉത്തരേന്ത്യയില്‍ ഹിന്ദുവര്‍ഗീയ കാര്‍ഡിറക്കിയാണ് മോഡി ഭരണം പിടിച്ചതെങ്കില്‍ 2019തില്‍ ബാലാകോട്ട് ഭീകരാക്രമണത്തിലൂടെ ദേശീയ വികാരം ഉയര്‍ത്തിയാണ് ബിജെപി തകര്‍പ്പന്‍ വിജയം നേടിയിരിക്കുന്നത്. ഒറ്റക്ക് രാജ്യം ഭരിക്കാനുള്ള സാഹചര്യമാണ് ബിജെപിക്ക് ഇതോടെ കൈവന്നിരിക്കുന്നത്.
മോദിയുടെ ഭരണപരാജയങ്ങളടക്കം ഒട്ടേറെ രാഷ്ട്രീയ ആയുധങ്ങളുണ്ടായിട്ടും അവയെല്ലാം പ്രയോഗിച്ചിട്ടും ദേശീയവികാരം ഉയര്‍ത്തിയ തരംഗത്തില്‍ മോദി വീണ്ടും അജയ്യനായിരിക്കുകയാണ്. കോണ്‍ഗ്രസിനാവട്ടെ പ്രതിപക്ഷ നേതൃസ്ഥാനം പോലും ലഭിക്കാത്ത തരത്തിലുള്ള ദയനീയ പരാജയമാണ് ഉണ്ടായിരിക്കുന്നത്.