രാജ്യത്ത് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ രാമക്ഷേത്ര നിര്‍മ്മാണവും വര്‍ഗ്ഗീയതയും ശക്തി പ്രാപിക്കുമ്പോഴാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ കര്‍ഷക പ്രശ്‌നങ്ങള്‍ വീണ്ടും സജീവമാകുന്നത്. നേരത്തെ മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും നടന്ന പ്രതിഷേധങ്ങള്‍ ബിജെപിയെ വിറപ്പിച്ചിരുന്നു. കര്‍ഷക കടങ്ങളാണ് വലിയ പ്രതിസന്ധി.
കാലാവസ്ഥാ വ്യതിയാനത്തില്‍ വന്ന മാറ്റങ്ങള്‍, ഉത്തരേന്ത്യയിലെ കടുത്ത വരള്‍ച്ച, എല്ലാം കര്‍ഷക മേഖലയെ തകര്‍ത്തു കളഞ്ഞു. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. 3 ലക്ഷത്തിലധികം കര്‍ശകരാണ് ഇന്ത്യയില്‍ ആത്മഹത്യ ചെയ്തത്. അത്രയും ഗുരുതരമാണ് പ്രശ്‌നങ്ങള്‍. ഇവ ചര്‍ച്ച ചെയ്യുന്നതിനായി പാര്‍ലമെന്റില്‍ 21 ദിവസത്തെ പ്രത്യേക സെഷന്‍ വേണമെന്നുള്ളതാണ് ഇവരുടെ പ്രധാന ആവശ്യം.
രാമലീല മൈതാനത്തിലേയ്ക്കാണ് കര്‍ഷകര്‍ മാര്‍ച്ച് ചെയ്യുന്നത്. മോദി ഭരണ കാലത്ത് ഇതുവരെ ഇന്ത്യ കാണാത്ത തരത്തിലുള്ള കര്‍ഷക പ്രതിഷേധങ്ങളാണ് നടന്നത്. സ്ഥലമേറ്റെടുപ്പ് വിഷയമായിരുന്നു ആദ്യ ഒരു വര്‍ഷത്തില്‍ ഉണ്ടായത്. കഴിഞ്ഞ നവംബറില്‍ സമാനമയ രീതിയില്‍ ഡല്‍ഹിയില്‍ മൂന്ന് ദിവസത്തെ മാര്‍ച്ച് നടന്നു. അന്നും പാര്‍ലമെന്റില്‍ കര്‍ഷക പ്രശ്‌നങ്ങള്‍ ചര്‍ച് ചെയ്ത് നയമ നടപടികള്‍ സ്വീകരിക്കണം എന്ന് തന്നെയായിരുന്നു ആവശ്യം. എന്നാല്‍, ഒരു വര്‍ഷമായിട്ടും നടപടികള്‍ പര്യാപ്തമല്ലെന്നാണ് വീണ്ടും പൊട്ടിപ്പുറപ്പെടുന്ന ഈ പ്രതിഷേധങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ഈ വര്‍ഷം ആഗസ്റ്റിലാണ് ക്വിറ്റ് ഇന്ത്യ വാര്‍ഷികത്തിന്റെ ഭാഗമായി കര്‍ഷകരും തെഴിലാളികളും സംഘടിച്ചത്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കുന്നതിനും കടങ്ങള്‍ ഇല്ലാതാക്കുന്നതിനും നിയമ നിര്‍മ്മാണം നടത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ച് അവര്‍ രാഷ്ട്രപതിയ്ക്ക് കത്തും നല്‍കിയിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച മുബൈയില്‍ 10,000 ദളിത് ആദിവാസി കര്‍ഷകരാണ് താങ്ങ് വില നിശ്ചയം ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയത്. 1991 മുതല്‍ 2011 വരെയുള്ള കണക്ക് പരിശോധിച്ചാല്‍ ഇന്ത്യയില്‍ ചുരുങ്ങിയത് 15 മില്യണ്‍ കര്‍ഷകരാണുള്ളത്.
അതായത്.., രാജ്യത്തെ കര്‍ഷകര്‍ നിരന്തരം ആവശ്യങ്ങള്‍ ഉന്നയിച്ച് വലിയ അളവിലുള്ള സമരങ്ങളും പ്രതിഷേധങ്ങളും നടത്തിക്കൊണ്ടേയിരിക്കുകയാണ് എന്ന് ചുരുക്കും. എന്നാല്‍, അവ വേണ്ട വിധം പരിഗണിക്കുന്ന കാര്യത്തില്‍ മോദി സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണ്.
#DilliChalo #KisanMuktiMarch pic.twitter.com/inz5Pi9WNt
— CPI (M) (@cpimspeak) November 29, 2018
കര്‍ഷകരുടെ വിള ഇന്‍ഷുറന്‍സ് പോലും വേണ്ട വിധം വിതരണം ചെയ്യാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. നോട്ട് നിരോധനവും ജിഎസ്ടിയും ജങ്ങളെ തകര്‍ത്ത് കളഞ്ഞു എന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരുമ്പോഴും പാര്‍ലമെന്റില്‍ ഇത്തരം അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല എന്നത് ദുരന്തമാണ്.
ഇടതുപക്ഷ സംഘടനകള്‍ നേതൃത്വം നല്‍കുന്ന ഇത്തരം പ്രതിഷേധ പരിപാടികള്‍ രാജ്യത്തെ ഇടതുപക്ഷ മുന്നേറ്റത്തിന് വഴി തുറന്നിരിക്കുകയാണ്. അത് രാഷ്ട്രീയമായി കൂടി വേണ്ട വിധം ഉപയോഗിക്കാനാണ് ഇപ്പോള്‍ ശ്രമം.
റിപ്പോര്‍ട്ട്: എ.ടി അശ്വതി