ന്യൂഡല്‍ഹി: നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലകൂടിയ സാഹചര്യത്തില്‍ മോദി സര്‍ക്കാര്‍ വിലക്കയറ്റത്തിന്റ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പയര്‍ വര്‍ഗങ്ങള്‍ക്ക് കിലോയ്ക്ക് 170 രൂപയും ഒരുകിലോ തക്കാളിയ്ക്ക് 100 രൂപയും വരെ എത്തിനില്‍ക്കുമ്പോഴും സര്‍ക്കാരിന് യാതൊരു സമ്മര്‍ദ്ദവുമില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
അവശ്യ സാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്നും 21 മാസത്തിനുള്ളില്‍ ഭക്ഷ്യ പണപ്പെരുപ്പം 7.55 ശതമാനമായി ഉയര്‍ന്നിരിക്കുകയാണെന്നും കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ ആരോപിച്ചു. വിലക്കയറ്റം തടയാന്‍ ഈ സര്‍ക്കാരിന് ഒരു ഉത്കണ്ഠയുമില്ലെന്നും മാക്കന്‍ കുറ്റപ്പെടുത്തി.
ഈ രണ്ടുവര്‍ഷത്തില്‍ വിലക്കയറ്റത്തിന്റെ എല്ലാ റെക്കോഡുകളും മോദി സര്‍ക്കാര്‍ തകര്‍ത്തു കഴിഞ്ഞു. ഏപ്രില്‍ മുതല്‍ മെയ് വരെ മൊത്തവ്യാപാര വില സൂചിക ഭീമമായി ഉയര്‍ന്നിരിക്കുകയാണെന്ന് അജയ് മാക്കന്‍ പറഞ്ഞു.
വിലക്കയറ്റത്തിന്റെ കാര്യത്തില്‍ മോദി സര്‍ക്കാര്‍ ആരെ പഴിചാരുമെന്നാണ് അദ്ഭുതപ്പെടുന്നതെന്നും പ്രതിപക്ഷത്തെ ഇതിന്റെ പേരില്‍ കുറ്റപ്പെടുത്തുമോ എന്നും മാക്കന്‍ ചോദിച്ചു.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വിലകുറയുമ്പോള്‍ ഇന്ത്യയിലെ പെട്രോള്‍ ഡീസല്‍ വില കൂടുന്നത് എന്തുകൊണ്ടാണെന്നും മാക്കന്‍ ചോദ്യമുന്നയിച്ചു.