മുംബൈ: ആപ്പിളിന്റെ നിര്‍മാണശാല ബെംഗളൂരുവില്‍ ആരംഭിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ ഇതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കില്ലെന്ന് സൂചന.
നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി നികുതി ഇളവുകള്‍ സര്‍ക്കാറുകള്‍ നല്‍കാറുണ്ട്. ആപ്പിളും ഇളവിനായി സര്‍ക്കാറിനെ സമീപിച്ചിരുന്നു എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് നല്‍കില്ലെന്നാണ് സൂചന.
2016ല്‍ 36 ബില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപമാണ് ഇന്ത്യയിലെത്തിയത്. 2015ല്‍ ഇത് 31.3 ബില്യണ്‍ ഡോളറിന്റെതായിരുന്നു. ഇന്ത്യപോലുള്ള രാജ്യത്തിന് വിദേശ നിക്ഷേപം സാമ്പത്തിക വളര്‍ച്ചക്കായി ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 2016 ഡിസംബര്‍ മാസത്തില്‍ ഇന്ത്യയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ കുറവ് സംഭവിച്ചിരുന്നു. ഇയൊരു പശ്ചാത്തലത്തിലാണ് ആപ്പിളിന്റെ ആവശ്യത്തെ സര്‍ക്കാര്‍ നിരാകരിച്ചിരിക്കുന്നത്.
ആപ്പിളിനെ പോലുള്ള കമ്പനികള്‍ക്ക് ഇന്ത്യയില്‍ വന്‍ വളര്‍ച്ചയാണ് ഉള്ളത്. ഐഫോണ്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ സാധിച്ചാല്‍ അത് കമ്പനിക്ക് ഗുണകരമാവും.
എന്നാല്‍ നികുതി ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ പലപ്പോഴും സര്‍ക്കാറും കമ്പനികളും തമ്മില്‍ ധാരണയാകാറില്ല. നികുതി സംബന്ധിച്ച തര്‍ക്കം മൂലമാണ് നോക്കിയ അവരുടെ ഇന്ത്യയിലെ പ്ലാന്റ് അടച്ച് പൂട്ടിയതെന്നാണ് സൂചന.
ആപ്പിളിന്റെ പ്ലാന്റും ഇതേ പ്രശ്‌നത്തില്‍ കുടുങ്ങി ഇന്ത്യയില്‍ നിര്‍മാണശാല ആരംഭിക്കാനുള്ള പദ്ധതിയില്‍ നിന്ന് പിന്‍മാറുമോ എന്നാണ് സാമ്പത്തിക വിദഗ്ധര്‍ ഉറ്റുനോക്കുന്നത്.