ന്യൂഡല്‍ഹി: കൂടുതല്‍ ധനസഹായം കേരളത്തിന് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാനദണ്ഡമനുസരിച്ചായിരിക്കും സഹായമെന്നും അദ്ദേഹം ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് യാതൊരു മടിയും കൂടാതെ തന്നെയാണ് സഹായം നല്‍കിയതെന്നും ആഗസ്റ്റ് 17, 18 തീയതികളിലെ കേരള സന്ദര്‍ശനത്തിനു ശേഷം രക്ഷാപ്രവര്‍ത്തനം താന്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ഗവര്‍ണറെ അറിയിച്ചു. തന്റെ നിര്‍ദേശപ്രകാരം തന്നെയാണ് ക്യാബിനറ്റ് സെക്രട്ടറി അദ്ധ്യക്ഷനായ ദേശീയ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി നിത്യേന യോഗം ചേര്‍ന്ന് ആഗസ്റ്റ് 16 മുതല്‍ 21 വരെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ഉയര്‍ന്ന സൈനിക, സിവില്‍ ഉദ്യോഗസ്ഥരും ദേശീയ ദുരന്തനിവാരണസേനാ പ്രതിനിധികളും മറ്റുമടങ്ങിയ ഈ സമിതിയില്‍ കേരള ചീഫ് സെക്രട്ടറി വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴി പങ്കെടുത്തിരുന്നു . ഈ യോഗങ്ങളുടെ പശ്ചാത്തലത്തിലാണ് 40 ഹെലിക്കോപ്റ്റര്‍ 31 വിമാനം, 182 രക്ഷാടീമുകള്‍, 18 സൈനിക മെഡിക്കല്‍ സംഘങ്ങള്‍, 58 ദേശീയ ദുരന്തനിവാരണസേനാ ടീമുകള്‍ , ഏഴു കമ്പനി കേന്ദ്ര സായുധസേന , നേവി , കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍, രക്ഷാസന്നാഹങ്ങളുള്ള 500 ബോട്ടുകള്‍ എന്നിവയെ വിന്യസിച്ചുകൊണ്ട് കേന്ദ്രം ഒരു വിപുലമായ രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു.