ന്യൂഡല്‍ഹി: രാജ്യത്തെ പാവപ്പെട്ടവരുടെ വീടുകളില്‍ വൈദ്യുതിയെത്തിക്കുന്ന പ്രധാനമന്ത്രി സൗഭാഗ്യ യോജനയുടെ ഉദ്ഘാടനം ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു.
ഡല്‍ഹിയിലെ ഒ.എന്‍.ജി.സി ആസ്ഥാനം മുന്‍ ജനസംഘം നേതാവ് ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ പേരിലേക്ക് പുനര്‍നാമകരണം ചെയ്തതിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
അതേസമയം, പ്രധാനമന്ത്രിക്കായി അഞ്ചംഗ സാമ്പത്തിക ഉപദേശക സമിതിയെ നിയോഗിച്ചു. നീതി ആയോഗ് അംഗം ബിബേക് ദെബ്‌റോയ് അദ്ധ്യക്ഷന്‍, സുര്‍ജിത്ത് ബല്ല, രത്തിന്‍ റോയ്, ആഷിമ ഗോയല്‍, രത്തന്‍ വത്തല്‍ എന്നിവര്‍ അംഗങ്ങളുമാണ്.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍
*ഇന്നത്തെ ദിവസത്തിന് മൂന്ന് പ്രത്യേകതകളാണുള്ളത്. നവരാത്രി ആഘോഷത്തിന്റെ അഞ്ചാം ദിനം, ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനം, ദീന്‍ദയാല്‍ ഭവന്റെ ഉദ്ഘാടനം എന്നിവ.
*പാവപ്പെട്ടവന്റെ സ്വപ്നമാണ് കേന്ദ്രസര്‍ക്കാരിന്റെ സ്വപ്നം. ജന്‍ധന്‍ മുതല്‍ സ്വച്ഛ് ഭാരത് വരെ, സ്റ്റാന്‍ഡ് അപ് ഇന്ത്യ മുതല്‍ സ്റ്റാര്‍ട്ട് അപ് ഇന്ത്യ വരെ എല്ലാ പദ്ധതികളും പാവങ്ങളുടെ ക്ഷേമത്തിനായാണ് പ്രവര്‍ത്തിക്കുന്നത്.
*രാജ്യത്തെ സ്ത്രീകള്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു, രാജ്യത്തെ പാവപ്പെട്ടവരെ ഉന്നമനത്തിന് വേണ്ടി ലക്ഷ്യമിട്ടാണ് പദ്ധതി.
*രാജ്യത്ത് നിലവില്‍ നാല് കോടി വീടുകളില്‍ വൈദ്യുതിയില്ല. ഇത് ഇല്ലാതാക്കണം. വൈദ്യുതി ഇല്ലാത്ത ഒരു വീടുകളും ഉണ്ടാകില്ലെന്ന് എന്റെ ഉറപ്പാണ്. ഇതിനായി 16,000 കോടി വിനിയോഗിക്കും. വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിന് പാവപ്പെട്ടവരില്‍ നിന്നും ഫീസ് ഈടാക്കില്ല.
*ഇപ്പോഴും മെഴുകുതിരി ഉപയോഗിച്ച് പഠിക്കുന്ന കുട്ടികളുണ്ട്.
*ഇത്രയും നാളത്തെ ഭരണത്തിനിടയില്‍ കേന്ദ്രസര്‍ക്കാരിലെ ഒരംഗത്തിനെതിരെ പോലും അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നില്ല.
പ്രധാനമന്ത്രി സൗഭാഗ്യ യോജന
പാവപ്പെട്ട എല്ലാ ഇന്ത്യക്കാരുടെയും വീടുകളില്‍ വൈദ്യുതി എത്തിക്കും. ഇതിനായി 16,320 കോടി രൂപ നീക്കിവയ്ക്കും.
2019 മാര്‍ച്ച് 31നകം പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി ചെലവിന്റെ 60 ശതമാനവും കേന്ദ്രസര്‍ക്കാര്‍ വഹിക്കും.
നേരത്തെ, രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടെന്ന് തുറന്ന് സമ്മതിച്ച മോദി ഇതില്‍ നിന്നും കരകയറുന്നതിന് പുതിയ സാമ്പത്തിക പാക്കേജുകള്‍ ചടങ്ങില്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു.