യൂട്യൂബ് ലൈവ് സ്ട്രീമിങ്ങില്‍ ആഗോള റെക്കോര്‍ഡ് നേടി നരേന്ദ്ര മോദി

ഡല്‍ഹി:യൂട്യൂബ് ലൈവ് സ്ട്രീമിങ്ങില്‍ ആഗോള റെക്കോര്‍ഡ് നേടി നരേന്ദ്ര മോദി. ഇന്നലെ പ്രധാനമന്ത്രിയുടെ ചാനലില്‍ സംപ്രേക്ഷണം ചെയ്ത അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയുടെ ലൈവ് ഏകദേശം 19 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഇതോടെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ലൈവ് സ്ട്രീമിങ്ങെന്ന റെക്കോര്‍ഡ് മോദിയുടെ ചാനല്‍ സ്വന്തമാക്കി .

ലോക നേതാക്കളുടെ യൂട്യൂബ് ചാനലുകളെ ബഹുദൂരം പിന്നിലാക്കിയാണ് മോദി ചാനല്‍ കുതിക്കുന്നത്. 4.5 ബില്യണ്‍ (450 കോടി) വീഡിയോ കാഴ്ച്ചക്കാരും ഇതുവരെ മോദി ചാനലിലുണ്ട്. സബ്‌സ്‌ക്രൈബേഴ്‌സ്, വീഡിയോ കാഴ്ചകള്‍, പോസ്റ്റ് ചെയ്യുന്ന വീഡിയോകളുടെ ഗുണനിലവാരം എന്നീ കാര്യത്തിലെല്ലാം മോദി ചാനല്‍ തന്നെയാണ് യൂട്യൂബില്‍ മുന്നില്‍. അങ്ങനെ നേട്ടങ്ങളുടെ നീണ്ട നിരനിരയിലേക്ക് പുതിയൊരു റെക്കോര്‍ഡ് കൂടെ കൂട്ടിചേര്‍ത്തിരിക്കുകയാണ് നരേന്ദ്ര മോദി.യൂട്യൂബ് ചാനലിന് 2 കോടി സബ്‌സ്‌ക്രൈബേഴ്‌സുള്ള ആദ്യ ലോക നേതാവ് എന്ന പദവിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈകളിലാണ്. യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സിന്റെ കാര്യത്തില്‍ മോദി ചാനല്‍ മറ്റ് ലോക നേതാക്കളുടെ ചാനലുകളെക്കാള്‍ ബഹുദൂരം മുന്നിലാണ്. മോദി ചാനല്‍ രണ്ട് കോടി പിന്നിട്ടപ്പോള്‍ 64 ലക്ഷം പേര്‍ പിന്തുടരുന്ന മുന്‍ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയുടെ ചാനല്‍ ആണ് രണ്ടാമതുള്ളത്.

‘പിഎം മോദി ലൈവ് | അയോധ്യ രാം മന്ദിര്‍ ലൈവ് | ശ്രീ രാം ലല്ല പ്രാണ്‍ പ്രതിഷ്ഠ’, ‘ശ്രീ രാം ലല്ല പ്രാണ്‍ പ്രതിഷ്ഠ ലൈവ് | പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെ ശ്രീരാമന്റെ പ്രാണ പ്രതിഷ്ഠയില്‍ പങ്കെടുക്കുന്നു’ എന്നിങ്ങനെ രണ്ട് തലക്കെട്ടുകളോട് കൂടിയാണ് ചാനലില്‍ ലൈവ് സംപ്രേക്ഷണം ചെയ്തത്. ഈ വീഡിയോകള്‍ക്ക് യഥാക്രമം 10 മില്ല്യണ്‍ വ്യൂസും 9 മില്ല്യണ്‍ വ്യൂസും ലഭിച്ചു. ചന്ദ്രയാന്‍ -3 വിക്ഷേപണത്തിന്റെ ലൈവ് സ്ട്രീമിങ്ങ്, ഫിഫ ലോകകപ്പ് 2023 മത്സരം, ആപ്പിള്‍ ലോഞ്ച് ഇവന്റ് എന്നിവ സൃഷ്ടിച്ച മുന്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ത്തുകൊണ്ടാണ് മോദിയുടെ ലൈവ് ഒന്നാം സ്ഥാനത്തെത്തിയത്. ജനുവരി 21 ഞായറാഴ്ച വരെ 8.09 മില്ല്യണ്‍ വ്യൂസുമായി ചന്ദ്രയാന്‍-3′ ഇറങ്ങുന്നതിന്റെ തത്സമയ സ്ട്രീമിങ്ങായിരുന്നു ഒന്നാം സ്ഥാനത്ത്.

Top