narendra modi holds late night meeting with senior ministers on demonetisation

ന്യൂഡല്‍ഹി: രാജ്യത്ത് 1000,500 രൂപ നോട്ട് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട പുതിയ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിര്‍ന്ന മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ച നടന്നത്.
ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, ഊര്‍ജ്ജ വകുപ്പ് മന്ത്രി പീയൂഷ് ഗോയല്‍, സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ് തുടങ്ങിയവരും ധനവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

യോഗത്തില്‍ കൈക്കൊണ്ട പ്രധാന തീരുമാനങ്ങള്‍:

•പുതിയ 500,2000 നോട്ടുകള്‍ക്കായി രാജ്യത്തെ എടിഎമ്മുകള്‍ എത്രയും പെട്ടെന്ന് സജ്ജീകരിക്കുന്നതിനായി പ്രത്യേക കര്‍മസേനയെ നിയോഗിക്കും
•പ്രത്യേക സാഹചര്യങ്ങളില്‍ പഴയ 500, 1000 ഉപയോഗിക്കാവുന്നത് നവംബര്‍ 14 വരെ ആയിരുന്നത് 24 വരെയാക്കി നീട്ടി.
•മുതിര്‍ന്ന പൗരന്‍മാര്‍ക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്കും ബാങ്കുകളില്‍ പ്രത്യേക ക്യൂ ഏര്‍പ്പെടുത്തും.


ധനമന്ത്രാലയം പ്രഖ്യാപിച്ച പുതിയ ഇളവുകള്‍:

•ആഴ്ചയില്‍ ഒരു അക്കൗണ്ടില്‍ നിന്ന് ചെക്ക് വഴിയോ സ്ലിപ്പ് വഴിയോ 24,000 രൂപ പിന്‍വലിക്കാം. നേരത്തെ ഇത് 20,000 ആയിരുന്നു.
•ഒരു ദിവസം 10,000 രൂപ മാത്രമേ പിന്‍വലിക്കാവൂ എന്ന നിബന്ധന എടുത്തുകളഞ്ഞു. ഒറ്റത്തവണ തന്നെ 24,000 രൂപവരെ പിന്‍വലിക്കാം.
•എ.ടി.എമ്മുകള്‍ വഴി ദിവസം 2,500 രൂപയും പിന്‍വലിക്കാം. നേരത്തേ ഇത് 2,000 രൂപയായിരുന്നു.
•പഴയ നോട്ടുകള്‍ മാറ്റിവാങ്ങുന്നത് ഒരാള്‍ക്ക് 4,000 രൂപ എന്നത് 4,500 രൂപയാക്കി് ഉയര്‍ത്തി
•പ്രധാനപ്പെട്ട ആസ്പത്രികള്‍ക്ക് സമീപം മൊബൈല്‍ എടിഎം വാനുകള്‍ സജ്ജമാക്കും
•എല്ലാ കച്ചവട സ്ഥാപനങ്ങളും, ആസ്പത്രികളും ചെക്ക്, ഡി.ഡി തുടങ്ങിയവ സ്വീകരിക്കും

നോട്ട് ക്ഷാമം നേരിട്ട സാഹചര്യത്തില്‍ ധനമന്ത്രാലയം ഞായറാഴ്ച പണം പിന്‍വലിക്കുന്നതിന്റെ പരിധി ഉയര്‍ത്തിയിരുന്നു. പുതിയ 500 രൂപ നോട്ടുകള്‍ കൂടി എത്തിയ സാഹചര്യത്തില്‍ നോട്ട് ക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം ഗുരു നാനാക്ക് ജയന്തി പ്രമാണിച്ച് ഉത്തരേന്ത്യയില്‍ ഇന്ന് ബാങ്കുകള്‍ക്കും പോസ്‌റ്റോഫീസുകള്‍ക്കും അവധിയാണ്. കേരളത്തില്‍ ബാങ്കുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. പോസ്‌റ്റോഫീസുകള്‍ക്ക് അവധിയായിരിക്കും.

Top