വാഷിങ്ടണ്‍: ഹാര്‍ലി ഡേവിഡ്‌സണിന്റെ ബൈക്കുകള്‍ക്ക് ഇന്ത്യയില്‍ ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തുന്നുവെന്ന ആരോപണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറക്കുമതി തീരുവ 75ല്‍ നിന്ന് 50 ശതമാനമാക്കി അടുത്തിടെ കുറച്ചിരുന്നു. എന്നാല്‍ ഇന്ത്യയിലേക്ക് ഒരു ബൈക്ക് അയക്കുമ്പോള്‍ 100 ശതമാനം നികുതി അടക്കേണ്ട അവസ്ഥയാണുള്ളതെന്നും ട്രംപ് പറയുന്നു.
ന്യായമായ വ്യാപാര ഇടപാടുകള്‍ നടത്തുന്നതിനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും നരേന്ദ്ര മോദി ഒരു നല്ല മനുഷ്യനാണെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹവുമായി അടുത്തിടെ സംസാരിച്ചപ്പോള്‍ മോട്ടോര്‍ സൈക്കിളുകളുടെ ഇറക്കുമതി തീരുവ കുറച്ചെന്ന് അറിയിച്ചിരുന്നതായും എന്നാല്‍ യു.എസിന് ഇതിലൂടെ ഒന്നും തന്നെ ലഭിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.
ഇന്ത്യന്‍ മോട്ടോര്‍ സൈക്കിളുകള്‍ അമേരിക്ക ഇറക്കുമതി ചെയ്യമ്പോള്‍ നികുതി ഒന്നും തന്നെ വാങ്ങുന്നില്ല. രാജ്യത്തിന് ഒന്നും കിട്ടുന്നുമില്ല. എന്നാല്‍ തിരിച്ച് ഇവിടെ നിന്ന് ഇന്ത്യയിലേക്ക് അമേരിക്കന്‍ ബൈക്കുകള്‍ അയക്കുമ്പോള്‍ 100 ശതമാനമാണ് വാങ്ങുന്നത്. ഇപ്പോള്‍ അത് 50 ആക്കിയെന്നാണ് പറയുന്നത്. എന്നാല്‍ ഒന്നും നടപ്പിലായിട്ടില്ല. ട്രംപ് കൂട്ടിച്ചേര്‍ത്തു.