ന്യൂഡല്‍ഹി: ഈ വർഷത്തെ കേന്ദ്ര ബജറ്റിന് ലഭിച്ച പോസിറ്റീവ് പ്രതികരണങ്ങള്‍ രാജ്യത്തിന്റെ മനോഭാവത്തെയാണ് സൂചിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് പ്രതിരോധത്തിലും വികസനത്തിലും കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും യോജിച്ച് പ്രവര്‍ത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. നീതി ആയോഗിന്റെ ആറാമത് ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമയം പാഴാക്കാനില്ലെന്നും അതിവേഗം പുരോഗമിക്കണമെന്നുമുള്ള തീരുമാനം രാജ്യം കൈക്കൊണ്ടു കഴിഞ്ഞു. രാജ്യത്തിന്റെ മനോഭാവം ചിട്ടപ്പെടുത്തുന്നതില്‍ യുവാക്കള്‍ നിര്‍ണായക പങ്കു വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “കോവിഡ് കാലത്ത് നമ്മള്‍ കണ്ടതാണ്, എങ്ങനെയാണ് കേന്ദ്രവും സംസ്ഥാനങ്ങളും യോജിച്ച് പ്രവര്‍ത്തിച്ചതെന്ന്. ലോകത്തിനു മുന്നില്‍ ഇന്ത്യക്ക് മികച്ച പ്രതിച്ഛായ സൃഷ്ടിക്കുന്നതിലും വിജയിച്ചു.” അദ്ദേഹം പറഞ്ഞു.