ന്യൂഡല്‍ഹി : തീവ്രവാദത്തെ ഒറ്റക്കെട്ടായി നേരിടുവാന്‍ ഇന്ത്യയും, കാനഡയും ഒന്നിച്ചു സഹകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയ്ക്കും കാനഡയ്ക്കും ഒരുപോലെ തന്നെ ഭീഷണിയാണ് ഭീകരവാദമെന്നും, രാജ്യത്തോടുള്ള വെല്ലുവിളി ഒരിക്കലും അംഗീകരിക്കില്ലെന്നും, ഭീകരവാദത്തിനെതിരെ ഒന്നിച്ചു പ്രവര്‍ത്തിക്കുകയെന്നതു പ്രധാനമാണെന്നും മോദി പറഞ്ഞു.
രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വേണ്ടി മതത്തെ ദുരപയോഗം ചെയ്യുന്നവര്‍ക്ക് ഇവിടെ സ്ഥാനമില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി കൂടിക്കാഴ്ച നടത്തിയശേഷം സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായങ്ങള്‍ നടത്താന്‍ ഇന്ത്യ വിശ്വസിക്കാനാകുന്ന സുഹൃത്തും പങ്കാളിയുമാണെന്ന് ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. ഇന്ത്യയും കാനഡയും തമ്മില്‍ ആറു കരാറുകളിലാണ് ഒപ്പുവെച്ചത്. ഉന്നത വിദ്യാഭ്യാസം, ആണവോര്‍ജം, ഊര്‍ജം, കായിക മേഖലകളിലെ സഹകരണം എന്നിവയില്‍ ഉറപ്പുനല്‍കിയാണു കരാറുകളില്‍ ഒപ്പിട്ടിരിക്കുന്നത്.