ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിവാദത്തിലാക്കിയ ടെലിവിഷന്‍ അഭിമുഖത്തിന് ചോദ്യങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയതാണെന്ന തെളിവുകള്‍ പുറത്ത്.
കാര്‍മേഘങ്ങള്‍ക്കുള്ളിലൂടെ റഡാര്‍ സിഗ്നലുകളെ വെട്ടിച്ച് വിമാനത്തിന് സഞ്ചരിക്കാമെന്നും, എണ്‍പതുകളില്‍ ഡിജിറ്റല്‍ ക്യാമറയുപയോഗിച്ച് ഫോട്ടോയെടുത്ത് ഇമെയില്‍ ചെയ്തെന്നുമുള്ള മോദിയുടെ പ്രസ്താവനകള്‍ വലിയ വിവാദമായി മാറിയിരുന്നു.
ഇത് സംബന്ധിച്ച് പ്രശസ്ത ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ആള്‍ട്ട്‌ന്യൂസിന്റെ സ്ഥാപകന്‍ പ്രതീക് സിന്‍ഹയും, കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ പ്രചാരണ ചുമതലയുള്ള ദിവ്യ സ്പന്ദനയുമാണ് മോദിയ്ക്കായുള്ള ചോദ്യങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയതാണെന്ന പ്രസ്താവനയുമായി രംഗത്തെത്തിയ പ്രമുഖര്‍.
ന്യൂസ് നേഷന്‍ എന്ന ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ തെളിവായി നല്‍കിയാണ് ചോദ്യം മുന്‍കൂട്ടി നല്‍കിയതാണെന്ന കണ്ടെത്തലില്‍ അവര്‍ എത്തിയിരിക്കുന്നത്. മോാദിയുടെ കൈയിലുള്ള പേപ്പറുകളില്‍ എണ്ണമിട്ട ചോദ്യങ്ങള്‍ കണ്ടെത്തിയെന്ന് പ്രതീക് സിന്‍ഹയും ദിവ്യ സ്പന്ദനയും വ്യക്തമാക്കി.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ താങ്കള്‍ കവിതയെഴുതിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ശേഷം മോദി മറുപടി പറയുന്നതിനിടെയുള്ള ദൃശ്യങ്ങളില്‍ നിന്നാണ് ഇതിനുള്ള തെളിവ് കിട്ടിയത്. കവിയായ മോദി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ എന്തെങ്കിലും എഴുതിയിരുന്നോ എന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്ന ചോദ്യം 27 എന്ന നമ്പറിട്ട് പ്രിന്റ് ചെയ്തിരിക്കുന്നതിന്റെ ദൃശ്യം അബദ്ധത്തില്‍ ടെലിവിഷന്‍ ചാനലിലൂടെ പുറത്തെത്തിയിരുന്നു. നിരവധി ആളുകള്‍ ഈ കണ്ടെത്തലുകള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.