തിരിച്ചടിക്കാത്തതിന് പ്രതിഷേധം ശക്തം, തിരഞ്ഞെടുപ്പിൽ മറുപടി പറയേണ്ടി വരും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇനി നേരിടാന്‍ പോകുന്നത് കടുത്ത അഗ്‌നിപരീക്ഷണം. പാക്ക് കസ്റ്റഡിയിലുള്ള വിങ് കമാന്‍ണ്ടര്‍ അഭിനന്ദനെ വിട്ടയക്കുന്ന പാക് നടപടി കൊണ്ട് മാത്രം ഇന്ത്യന്‍ ജനതയുടെ മനസ്സിലേറ്റ മുറിവ് ഉണങ്ങില്ല. നമ്മള്‍ അതിര്‍ത്തി കടന്ന് ബോംബിട്ട് തകര്‍ത്തത് പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളാണ്. എന്നാല്‍ അവര്‍ തിരിച്ച് നമ്മുടെ ഒരു സൈനിക വിമാനം തകര്‍ത്തു. പുഞ്ച്, രജൗരി മേഖലയില്‍ ബോംബിട്ടു.

ഈ മുറിവ് ഇന്ത്യന്‍ ജനതക്കും സൈന്യത്തിനും ഒരിക്കലും മറക്കാന്‍ കഴിയില്ല. സൈനികമായി നടന്ന ആക്രമണത്തെ അതേ രീതിയില്‍ തന്നെ നേരിടണം. പാക്കിസ്ഥാന്റെ ഒരു യുദ്ധ വിമാനം തകര്‍ത്തത് കൊണ്ടു മാത്രം ഇന്ത്യയിലെ ജനങ്ങളുടെ രോഷം ശമിപ്പിക്കാന്‍ കഴിയില്ല.

ലോകസഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും ഇത് വലിയ വെല്ലുവിളിയാകും. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാം ഒറ്റക്കെട്ടായാണ് പുല്‍വാമയിലെ ഭീകരാക്രമണത്തിന് പകരം ചോദിക്കാന്‍ കേന്ദ്ര സര്‍ക്കാരിനും സൈന്യത്തിനും പിന്തുണ നല്‍കിയത്. യുദ്ധം ഒന്നിനും പരിഹാരമല്ലന്ന് അറിഞ്ഞിട്ടും തിരിച്ചടിക്കണമെന്ന ജനകീയ വികാരത്തിന് ഒപ്പം തന്നെ ആയിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍.

രാജ്യം കടുത്ത വെല്ലുവിളി നേരിടുന്ന ഈ സാഹചര്യത്തിലും പ്രധാനമന്ത്രി പാര്‍ട്ടി പരിപാടികളില്‍ സജീവമായതില്‍ മാത്രമാണ് പ്രതിപക്ഷം രാഷ്ട്രിയം കണ്ടത്. അത് ശരിയുമാണ്. പ്രധാനമന്ത്രി ഈ ഘട്ടത്തില്‍ പാര്‍ട്ടി പരിപാടിക്കായിരുന്നില്ല പ്രാമുഖ്യം കൊടുക്കേണ്ടിയിരുന്നത്. ഒരു സൈനികനെ ബന്ദിയാക്കിയാല്‍ ചോര്‍ന്നു പോകുന്ന വീര്യമല്ല ഇന്ത്യയുടെ തെന്ന ബോധ്യം പാക്കിസ്ഥാനെ ബോധ്യപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാറിന് കഴിയണം.അത് തിരഞ്ഞെടുപ്പിന് മുന്‍പ് കഴിഞ്ഞില്ലങ്കില്‍ മോദിക്കും ബി.ജെ.പിക്കും വലിയ തിരിച്ചടിയാകും. പാക്കിസ്ഥാനില്‍ കയറി ഭീകര കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ തീരുമാനിച്ചത് കേന്ദ്ര സര്‍ക്കാരാണ് ,അതിന് സൈന്യത്തിന് അനുമതിയും നല്‍കി. അവര്‍ തിരിച്ചടിച്ചതിന് പകരം ചോദിക്കേണ്ട ബാധ്യതയും അത് കൊണ്ട് തന്നെ ഭരണകൂടത്തിനുണ്ട്. അതിന് സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കണം.

അല്ലങ്കില്‍ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ രാജ്യം നാണം കെടും. കാരണം ചരിത്രത്തില്‍ ഇന്നു വരെ പാക്കിസ്ഥാന് മുന്നില്‍ പരാജയപ്പെട്ട ചരിത്രം ഇന്ത്യക്കില്ല. പാക്കിസ്ഥാനെ തുണ്ടമാക്കി ബംഗ്ലാദേശ് രൂപീകരിച്ച് കരുത്ത് കാട്ടിയ രാജ്യമാണ് ഇന്ത്യ. പതിനായിരക്കണക്കിന് പാക്ക് പട്ടാളക്കാരെയാണ് ആ യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യം ബന്ദിയാക്കിയത്. ഇപ്പോള്‍ ഒരു വിങ് കമാന്‍ഡറെ ബന്ദിയാക്കി പാക്കിസ്ഥാന്‍ നടത്തുന്ന നാടകങ്ങള്‍ ലോക രാഷ്ട്രങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനു വേണ്ടിയാണ്. പാക്കിസ്ഥാന്റെ ഒരു ഔദാര്യവും ഇന്ത്യക്ക് ആവശ്യമില്ല. ബന്ദിയാക്കിയവനെ സൈനിക നടപടിയിലൂടെ മോചിപ്പിച്ചിരുന്നുവെങ്കില്‍ അതായിരുന്നു അന്തസ്സ്. ഇപ്പോള്‍ ഇന്ത്യയുടെ സൈനിക നടപടിയെ പേടിച്ചിട്ടാകാം പാക്കിസ്ഥാന്‍ ഇത്തരമൊരു തീരുമാനമെടുത്തത്.

എന്നാല്‍ ആ യാഥാര്‍ത്ഥ്യം പോലും ഉള്‍ക്കൊള്ളാന്‍ ഉള്ള മാനസിക അവസ്ഥയിലല്ല രാജ്യത്തെ ജനത. ഒരു ഭീകര രാജ്യം സമാധനത്തിന്റെ മാലാഖ ചമയുന്നത് ഭീകരരുടെ ഇരകള്‍ വാഴുന്ന ഈ നാടിന് സഹിക്കാന്‍ കഴിയില്ല. ഇക്കാര്യം നരേന്ദ്ര മോദി ഓര്‍ക്കുന്നത് നല്ലതാണ്. 360 ഓളം ഭീകരരെ ഇന്ത്യന്‍ സേന പാക്കിസ്ഥാനില്‍ കടന്ന് ചെന്ന് കൊന്നതല്ല, ഒരു ഇന്ത്യന്‍ സൈനികന്‍ ബന്ദിയാക്കപ്പെട്ടതും വിട്ടയക്കപ്പെടുന്നതുമാണ് ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കും വിലപ്പെട്ട വാര്‍ത്ത.ഒരു പാക്ക് മേധാവിത്വം അത് വാര്‍ത്തകളില്‍ പോലും കാണാന്‍ ഇഷ്ടപ്പെടാത്ത ജനതക്ക് മുന്നിലാണ് വീണ്ടുമൊരു അവസരത്തിനായി വോട്ട് ചോദിച്ച് മോദി എത്തുന്നത്.

Top