നിയന്ത്രണം വിട്ട് കരഞ്ഞ ഐഎസ്ആര്‍ഒ ചെയര്‍മാനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

ബംഗളൂരു: ചാന്ദ്രയാന്‍-2 പദ്ധതി വിജയം കൈവരിക്കാനാകാത്ത സാഹചര്യത്തില്‍ നിയന്ത്രണം വിട്ട് കരഞ്ഞ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവനെ സമാധാനിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

പ്രധാനമന്ത്രിയെ യാത്ര അയക്കാന്‍ എത്തിയ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ.ശിവന്‍ നിയന്ത്രണം വിട്ട് കരയുകയായിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രി അദ്ദേഹത്തെ സ്വന്തം മാറോടണച്ച് പുറത്ത് തട്ടി ആശ്വസിപ്പിച്ചു.

ചന്ദ്രയാന്‍ രണ്ടിലെ ലാന്‍ഡര്‍ ലക്ഷ്യം കാണാത്തതാണ് ഐ.എസ്.ആര്‍.ഒ ചെയര്‍മാനെ സങ്കടത്തിലാക്കിയത്.

അതേസമയം, തിരിച്ചടിയില്‍ തളരരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ലക്ഷ്യത്തില്‍ നിന്നും പിന്നോട്ട് പോകരുതെന്നും വീണ്ടും പരിശ്രമങ്ങള്‍ തുടരണമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ദൌത്യം വിജയം കാണാത്തതില്‍ നിരാശ വേണ്ട. ശാസ്ത്രജ്ഞര്‍ രാജ്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവരാണ്. ആത്മവിശ്വാസത്തോടെ മുന്നേറണം. ബഹിരാകാശ ദൗത്യങ്ങളില്‍ രാജ്യത്തിന് അഭിമാനമുണ്ട്. മികച്ച അവസരങ്ങള്‍ കാത്തിരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Top