ഇന്ത്യന്‍ വികസനക്കുതിപ്പിനുള്ള പുതിയ ‘എഞ്ചിന്‍’ ആണ് വടക്കുകിഴക്കന്‍ മേഖലയെന്ന് നരേന്ദ്ര മോദി

Narendra Modi

ഇംഫാല്‍: ഇന്ത്യന്‍ വികസനക്കുതിപ്പിനുള്ള ഏറ്റവും പുതിയ എഞ്ചിന്‍ ആണ് വടക്കുകിഴക്കന്‍ മേഖലയെന്നും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ഊര്‍ജത്തിന്റെ ബലത്തിലായിരിക്കും ഇന്ത്യയുടെ വികസനമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇംഫാലിലെ മണിപ്പൂര്‍ സര്‍വകലാശാലയില്‍ നൂറ്റിയഞ്ചാം ശാസ്ത്രകോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

പടിഞ്ഞാറന്‍ മേഖലയ്ക്ക് അനുസൃതമായി ഇന്ത്യയുടെ കിഴക്കന്‍ മേഖലയും വികസിക്കാതെ രാജ്യത്തിന്റെ വളര്‍ച്ച പൂര്‍ണമാകില്ല. വടക്കുകിഴക്കന്‍ മേഖലയിലെ എട്ടില്‍ ഏഴു സംസ്ഥാനങ്ങളെയും റയില്‍പ്പാതകളാല്‍ ബന്ധിപ്പിച്ചു കഴിഞ്ഞു. ഇംഫാലിനെ ബ്രോഡ് ഗേജ് പാതയുമായി ബന്ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള ജോലികളും നടക്കുകയാണ്. പോലീസിലും സൈന്യത്തിലും വനിതകള്‍ ഉള്‍പ്പെടെ വടക്കുകിഴക്കന്‍ പ്രാതിനിധ്യം കൂടുന്നതായും അദ്ദേഹം അറിയിച്ചു.

ശാസ്ത്ര കോണ്‍ഗ്രസ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനുള്ള അംഗീകാരമാണ്. മേഖലയോട് മുന്‍ സര്‍ക്കാര്‍ തിരിച്ചടി സമ്മാനിച്ചപ്പോള്‍ എല്ലാ മേഖലയിലും മുന്നേറാനും അഴിമതി വിമുക്തമാക്കാനും നിലവിലെ സര്‍ക്കാരിന് സാധിച്ചുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ലുവാംഗ്‌പോക്ക മള്‍ട്ടിസ്‌കൂള്‍ കോംപ്ലക്‌സില്‍ ദേശീയ കായികസര്‍വ്വകലാശാല, ആയിരം അങ്കണവാടി കേന്ദ്രങ്ങള്‍, അദ്ധ്യാപകര്‍, ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍ തുടങ്ങിയവര്‍ക്കായുള്ള 19 ഭവന സമുച്ചയങ്ങള്‍, മറ്റ്‌വികസന പദ്ധതികള്‍ എന്നിവയ്ക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. ലുവാംഗ്‌പോക്ക മള്‍ട്ടിസ്‌കൂള്‍ കോംപ്ലക്‌സ്, റാണി ഗൈഡിന്‍ല്യൂ പാര്‍ക്ക്, മറ്റ്‌വികസനപദ്ധതികള്‍ എന്നിവയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു.

Top