എല്ലാവരും മോദിക്കെതിരെ എന്നത് ഊതിപ്പെരുപ്പിച്ച പട്ടം പോലെ;സത്യം മറ്റൊന്ന്!

modi

2018 മെയ് മാസം മുതല്‍ വാര്‍ത്തകളിലൂടെ നമ്മള്‍ കേട്ടുതുടങ്ങിയതാണ് മോദി വേഴ്സസ് ഓള്‍. അന്നു മുതല്‍ നിരന്തരം ചോദ്യങ്ങളുമുയരുന്നുണ്ട്. ശരിക്കും ഈ മോദി വേഴ്സസ് ഓള്‍ ഉള്ളത് തന്നെയാണോ? എന്തുകൊണ്ടാണ് നരേന്ദ്രമോദിയെ താഴെയിറക്കാന്‍ വേണ്ടി ഇത്ര വിശാലമായ ഗൂഢാലോചന? വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദിയും ബിജെപിയും ഒരുവശത്തും മറ്റെല്ലാ പാര്‍ട്ടികളും കൂടി മറുവശത്തും അണിനിരക്കുകയുമാണോ ചെയ്യുക? അല്ലേയല്ല, പുറമേ കേള്‍ക്കുന്നത് മാത്രമല്ല ഇവിടെ സത്യം. മോദിക്കെതിരെ പടനയിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളൊക്കെ അണിചേര്‍ന്നിട്ടുണ്ട് എന്നത് സത്യം തന്നെ. എന്നാല്‍ അതിന്റെ അര്‍ഥം മോദി വേഴ്സസ് ഓള്‍ എന്നല്ല.

മോദി ഒരുവശത്തും വിശാലപ്രതിപക്ഷ സഖ്യം മറുവശത്തുമായി നിന്നല്ല തിരഞ്ഞെടുപ്പ് നടക്കുക എന്ന് പറയാന്‍ പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പാര്‍ലമെന്ററി രീതിയിലാണ് നടക്കുക എന്നത് തന്നെ. പൊതുതിരഞ്ഞെടുപ്പ് എന്ന് പറയുന്നത് സംസ്ഥാനങ്ങളിലെമ്പാടും നടക്കുന്ന തിരഞ്ഞെടുപ്പുകളുടെ ആകെത്തുകയാണ്. അത് പ്രസിഡന്‍ഷ്യല്‍ രീതിയിലേത് പോലെ രണ്ട് വ്യക്തികള്‍ തമ്മിലുള്ള നേര്‍ക്ക് നേര്‍ പോരാട്ടമല്ല. രണ്ടാമത്തെ കാരണം സംസ്ഥാനങ്ങളിലെല്ലാം ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുക അതിന്റെ സഖ്യകക്ഷികളോട് ഒപ്പം ചേര്‍ന്ന് തന്നെയാണ്. എതിരാളികളെപ്പോലെ തന്നെ സഖ്യശക്തികള്‍ ബിജെപിക്കുമുണ്ടല്ലോ?

വിവിധ സംസ്ഥാനങ്ങളുടെ കാര്യം പരിശോധിക്കാം. ബീഹാറില്‍ 40 ലോക്‌സഭാ സീറ്റുകളാണുള്ളത്. അവിടെ ബിജെപി തിരഞ്ഞെടുപ്പ് കളത്തിലിറങ്ങുക ജെഡിയു, എല്‍ജെപി എന്നീ പാര്‍ട്ടികളോടൊപ്പമാണ്. പ്രതിപക്ഷത്തിന്റെ കാര്യമെടുത്താല്‍ ബീഹാറില്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, എന്‍സിപി, എച്ച്.എ.എം. എല്‍ജെഡി, ഇടതു പാര്‍ട്ടികള്‍ എന്നിവരോടൊപ്പമാണ് മത്സരത്തെ നേരിടുക. എന്‍ഡിഎ വിട്ട് വന്ന ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയലോക് സമതാ പാര്‍ട്ടിയുമായി തിരഞ്ഞെടുപ്പ് ധാരണയും ഉണ്ടാക്കിയിട്ടുണ്ട് കോണ്‍ഗ്രസ്.

ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് സഖ്യശക്തികളായുള്ളത് അപ്നാദള്‍, സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി എന്നിവയാണ്. ഇവിടെ 80 സീറ്റുകളിലേക്കാണ് മത്സരം നടക്കുക. 80ല്‍ 71 സീറ്റുകളും 2014ല്‍ ഈ സഖ്യം നേടിയതാണ്.

സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയുമായുള്ള സഖ്യം ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വെല്ലുവിളി തന്നെയാണ്. അജിത് സിങിന്റെ ആര്‍എല്‍ഡിയും ഇവര്‍ക്കൊപ്പമാണ്. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഇവിടെ ഒറ്റയ്ക്ക് കളത്തിലിറങ്ങേണ്ടി വരുന്നത് ബിജെപിക്കല്ല, കോണ്‍ഗ്രസിനാണ്.

മഹാരാഷ്ട്രയില്‍ 48 സീറ്റുകളാണുള്ളത്. ഇവിടെയും ബിജെപിക്ക് സഖ്യകക്ഷികളുണ്ട്. ശിവസേനയും ബിജെപിയും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇരുകൂട്ടരുടെയും സഖ്യം 2019ല്‍ അനിവാര്യം തന്നെയാകുമെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍.

പശ്ചിമബംഗാളിലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയാണ്. അപ്പോഴും മോദി വേഴ്‌സസ് ഓള്‍ എന്ന് നമുക്ക് പറയാനാകില്ല. കോണ്‍ഗ്രസ് തൃണമൂല്‍ കോണ്‍ഗ്രസുമായോ ഇടത് പാര്‍ട്ടികളുമായോ സഖ്യത്തിലാവാനാണ് സാധ്യത. ഇവിടെ പോരാട്ടം മമതയും മോദിയും തമ്മിലാകും.

തമിഴ്‌നാട്ടിലും ബിജെപിക്ക് ഒപ്പം ചേര്‍ന്ന് മത്സരിക്കാന്‍ സഖ്യശക്തികളുണ്ട്. എഐഎഡിഎംകെയും രജനീകാന്തിന്റെ പാര്‍ട്ടിയും ബിജെപിക്കൊപ്പം നിലയുറപ്പിക്കുമെന്നാണ് പ്രതീക്ഷ. ഇവിടെ 39 സീറ്റുകളിലേക്കാണ് മത്സരം നടക്കുക. കോണ്‍ഗ്രസ് ഡിഎംകെയ്ക്കും കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തിനും ഒപ്പം നിന്നാവും തിരഞ്ഞെടുപ്പിനെ നേരിടുക. ഇവിടെയും മോദി വേഴ്‌സസ് ഓള്‍ എന്ന വിശേഷണം യോജിക്കില്ല.

കേരളത്തില്‍ ത്രികോണ മത്സരം നടക്കുമ്പോള്‍ ബിജെപിക്കൊപ്പം നായര്‍ സര്‍വ്വീസ് സൊസൈറ്റി അടക്കമുള്ള ഹിന്ദുസഘടനകള്‍ കക്ഷിചേര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. എല്‍ഡിഎഫും യുഡിഎഫും തമ്മിലാവും ശക്തമായ മത്സരം. 20 സീറ്റുകളാണ് ആകെയുള്ളത്.

mahasakhyam

മധ്യപ്രദശ്, രാജസ്ഥാന്‍,ഉത്തരാഖണ്ഡ്,ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്. ഛത്തീസ്ഗഡ്, ഗോവ,കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും നേര്‍ക്ക് നേര്‍ മത്സരിക്കുന്ന അവസ്ഥയാണുള്ളത്. പഞ്ചാബില്‍ കോണ്‍ഗ്രസാണ് തനിച്ച് മത്സരിക്കേണ്ടി വരുന്നത്. ബിജെപിക്ക് ഇവിടെ ശിരോമണി അകാലിദളുമായി സഖ്യമുണ്ട്. ആം ആദ്മി പാര്‍ട്ടിയാണ് പഞ്ചാബില്‍ കളത്തിലിറങ്ങുന്ന മറ്റൊരു പാര്‍ട്ടി.

ഡല്‍ഹി, ഹരിയാന, ഒഡീഷ, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ എല്ലാവരും എല്ലാവരെയും നേരിടേണ്ടിവരും. ഇവിടങ്ങളിലെല്ലാം തന്നെ ഒറ്റയ്‌ക്കൊറ്റയ്ക്കുള്ള ത്രികോണമത്സരങ്ങളാവും നടക്കുക. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ജാര്‍ഖണ്ഡിലും കോണ്‍ഗ്രസും ബിജെപിയും സഖ്യകക്ഷികളുമായി ചേര്‍ന്നാണ് തിരഞ്ഞെടുപ്പിനെ നേരിടുക.

ചുരുക്കിപ്പറഞ്ഞാല്‍ മോദിയും ബിജെപിയും ഒരു സംസ്ഥാനത്തു പോലും ഒറ്റയ്ക്ക് നിന്ന് വിശാലപ്രതിപക്ഷസഖ്യത്തെ നേരിടേണ്ടതായി വരുന്നില്ല

political reporter

Top