ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ എത്ര അംഗങ്ങളുണ്ട് എന്ന കാര്യമോര്‍ത്ത് പ്രതിപക്ഷം ആശങ്കപ്പെടേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തങ്ങളുടെ അംഗസംഖ്യയുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും, പാര്‍ലമെന്റ് നടപടികളില്‍ പ്രതിപക്ഷം ക്രിയാത്മകമായി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മോദി പറഞ്ഞു.
പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളും പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനത്തിനൊപ്പം തുടങ്ങുകയാണ്. സ്വാതന്ത്ര്യത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയധികം വനിതകള്‍ പാര്‍ലമെന്റ് അംഗങ്ങളാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദശകങ്ങള്‍ക്ക് ശേഷമാണ് ഒരു സര്‍ക്കാര്‍ കൃത്യമായ ഭൂരിപക്ഷത്തോടെ വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നത്. രാജ്യത്തെ സേവിക്കാനുള്ള അവസരം ജനങ്ങള്‍ ഒരിക്കല്‍കൂടി ഞങ്ങള്‍ക്ക് നല്‍കി. ജനങ്ങള്‍ക്ക് ഗുണകരമാകുന്ന തീരുമാനങ്ങളെ പിന്തുണയ്ക്കണമെന്ന് എല്ലാ പാര്‍ട്ടികളോടും അഭ്യര്‍ഥിക്കുന്നുവെന്നും മോദി പറഞ്ഞു.