പൂനെ: മോദിയെ സംബന്ധിക്കുന്ന നിര്‍ണായക വെളിപ്പെടുത്തലുമായി പൂനെ പൊലീസ്. രാജീവ് ഗാന്ധിയെ വധിച്ച രീതിയില്‍ പ്രധാനമന്ത്രിയെയും വധിക്കാന്‍ ചിലര്‍ പദ്ധതിയിട്ടിരുന്നുവെന്നതാണ് ആ നിര്‍ണായക വെളിപ്പെടുത്തല്‍. വ്യാഴാഴ്ച കോടതിയിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യം വെളിവാക്കുന്ന കത്ത് പൊലീസിന് ലഭിച്ചു എന്നാണ് കോടതിയെ അറിയിച്ചത്.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട അഞ്ച് പേരില്‍ ഒരാളുടെ വീട്ടില്‍ നിന്നാണ് നിര്‍ണായകമായ സൂചന നല്‍കുന്ന കത്ത് ലഭിച്ചിരിക്കുന്നത്. മുംബൈ, നാഗ്പുര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നായി ദളിത് ആക്ടിവിസ്റ്റ് സുധീര്‍ ധവാലെ, അഭിഭാഷകന്‍ സുരേന്ദ്ര ഗാഡ്‌ലിങ്, മഹേഷ് റാവുത്ത്, ഷോമ സെന്‍, റോണ വില്‍സണ്‍ എന്നിവരെ ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭീമ കോറിഗോണ്‍ കലാപവുമായി ബന്ധപ്പെട്ടായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിനു ശേഷം റോണ വില്‍സണിന്റെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ നിന്നുമാണ് കത്ത് കണ്ടെത്തിയത്. എം 4 റൈഫിളും നാല് ലക്ഷം തിരയും വാങ്ങാന്‍ എട്ട് കോടി ആവശ്യമുള്ളതിനെക്കുറിച്ചും കത്തില്‍ സൂചിപ്പിക്കുന്നു. ഇതിനെല്ലാം പുറമെ രാജീവ് ഗാന്ധി സംഭവത്തിന്റെ മാതൃകയില്‍ മറ്റൊരു വധത്തെ കുറിച്ചും കത്തില്‍ സൂചനയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.