മോദിയുടെ വരവോടെ സമയം തെളിഞ്ഞു; രുദ്രഗുഹയിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്

കേദാര്‍നാഥ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടെ രുദ്രഗുഹയുടെ സമയം തെളിഞ്ഞു. മോദി വന്നു പോയതിനുശേഷം ഗുഹയിലേക്ക് ധ്യാനത്തിനായി എത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു നരേന്ദ്രമോദി കേദാര്‍നാഥിലെ രുദ്രഗുഹയില്‍ എത്തിയത്. ഇതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.

2018-ലാണ് രുദ്രഗുഹ പൊതു ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. എന്നാല്‍ തെരഞ്ഞെടുപ്പ് വേളയില്‍ മോദി ധ്യാനത്തിനിരുന്നതിനുശേഷമാണ് ഗുഹയ്ക്ക് സ്വീകാര്യത ഏറിയത്. പ്രധാനമന്ത്രി എത്തിയ മേയ് മാസത്തില്‍ നാല് ബുക്കിങ്ങാണ് ലഭിച്ചത്. ജൂണില്‍-28, ജൂലായില്‍-10, ഓഗസ്റ്റില്‍-8 ബുക്കിങ്ങ്. കൂടാതെ ഈ മാസം 19 ബുക്കിങ്ങാണ് ലഭിച്ചത്. അടുത്ത മാസത്തേക്ക് 10 പേര്‍ ബുക്ക് ചെയ്തിട്ടുണ്ട്. ഗുഹ തുറന്നതിനുശേഷം ഇതാദ്യമായാണ് ഇത്രയും അധികം മുന്‍കൂര്‍ ബുക്കിങ്ങ് ലഭിക്കുന്നതെന്ന് ഗുഹ നടത്തിപ്പുകാര്‍ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് ശേഷമാണ് രുദ്ര ഗുഹയുടെ ആവശ്യകത ഉയര്‍ന്നതെന്നും രാജ്യത്തിന്റെ വിനോദ സഞ്ചാരമേഖലയ്ക്കാകെ ഇത് ഗുണം ചെയ്യുമെന്നും ടൂറിസം മന്ത്രി പ്രഹ്ലാദ് പട്ടേല്‍ അഭിപ്രായപ്പെട്ടു.

Top