ചെന്നൈ: നരേന്ദ്രമോദിയുടെ ഐഐടി സന്ദര്‍ശനം ദൂരര്‍ശനിലൂടെ തല്‍സമയം സംപ്രേഷണം ചെയ്യാത്തതിന് ദൂരദര്‍ശന്‍ കേന്ദ്രയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥക്കെതിരെ നടപടി. ചെന്നൈ ദൂരദര്‍ശന്‍ കേന്ദ്രയിലെ പ്രോഗ്രാം വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍ വസുമതിയ്ക്ക് എതിരെ ആണ് നടപടി.
വസുമതിയെ സസ്‌പെന്‍ഡ് ചെയ്ത് ദൂരദര്‍ശന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഉത്തരവിറക്കി. കേന്ദ്ര സിവില്‍ സര്‍വീസസ് നിയമത്തിലെ പത്താം വകുപ്പ് പ്രകാരമാണ് നടപടി. സസ്‌പെന്‍ഷന്‍ കാലയളവില്‍ ചെന്നൈ അസിസ്റ്റന്റ് ഡയറക്ടറുടെ അനുവാദമില്ലാതെ വസുമതി ചെന്നൈയ്ക്ക് പുറത്തു പോകാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. ഇന്നലെയാണ് ദൂരദര്‍ശന്‍ സിഇഓ ശശി ശേഖര്‍ വെമ്പട്ടി ഉത്തരവിറക്കിയത്.
കഴിഞ്ഞ സെപ്തംബര്‍ മുപ്പതിനാണ് ചെന്നൈ ഐഐടിയിലെ ബിരുദദാനച്ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത്. ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കുന്നതിനൊപ്പം സിങ്കപ്പൂര്‍-ഇന്ത്യ ‘ഹാക്കത്തണ്‍-2019’ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനവിതരണവും പ്രധാനമന്ത്രി നിര്‍വഹിച്ചിരുന്നു. രണ്ടാംതവണ പ്രധാനമന്ത്രിയായി അധികാരമേറ്റതിന്‌ശേഷമുള്ള മോദിയുടെ ആദ്യ ചെന്നൈ സന്ദര്‍ശനമായിരുന്നു അത്.