എല്‍പിജി മുതല്‍ ബഹിരാകാശ രംഗത്തുവരെ ഭൂട്ടാന്‍ ജനതയ്ക്കു വന്‍ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി

തിമ്പു : എല്‍പിജി മുതല്‍ ബഹിരാകാശ രംഗത്തുവരെ ഭൂട്ടാന്‍ ജനതയ്ക്കു വമ്പന്‍ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭൂട്ടാന്‍ തലസ്ഥാനമായ തിമ്പുവില്‍ പ്രധാനമന്ത്രി ഷെറിങ് തോബെയോടൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് മോദി ഇക്കാര്യം അറിയിച്ചത്. വാര്‍ത്താ സമ്മേളനത്തിനു മുന്‍പ് ഇരു നേതാക്കളും ചര്‍ച്ച നടത്തുകയും ചെയ്തു.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഭൂട്ടാനിലെത്തിയതായിരുന്നു പ്രധാനമന്ത്രി. ജല വൈദ്യുതി പദ്ധതിയിലെ സഹകരണത്തിനപ്പുറത്തേക്ക് ഭൂട്ടാനുമായുള്ള ബന്ധം വര്‍ധിപ്പിക്കുകയാണു സന്ദര്‍ശനത്തിന്റെ ലക്ഷ്യം.

പ്രകൃതി വാതകം, റുപേ കാര്‍ഡിന്റെ പ്രഖ്യാപനം, വിദേശ കറന്‍സി വിനിമയം, ശാസ്ത്ര, വിദ്യാഭ്യാസ മേഖല തുടങ്ങിയ വിഷയങ്ങളിലെ സഹകരണമാണു പ്രധാനമന്ത്രി ഭൂട്ടാനു വാഗ്ദാനം ചെയ്തത്.

എല്‍പിജിയുടെ വിതരണം പ്രതിമാസം 700 മെട്രിക് ടണ്ണില്‍നിന്ന് 1000 മെട്രിക് ടണ്ണായി ഉയര്‍ത്തും. ഭൂട്ടാനിലെ സാധാരണ ജനങ്ങളുടെ ആവശ്യത്തിനാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭൂട്ടാന് പഞ്ചവല്‍സര പദ്ധതികളിലൂടെ ഇന്ത്യ നല്‍കുന്ന സഹായം തുടരും. ഇതില്‍ ഭൂട്ടാനിലെ ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക. ചെറു ഉപഗ്രങ്ങള്‍ നിര്‍മിക്കുന്നതിനും ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലും ഇരു രാജ്യങ്ങളും സഹകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Top